ന്യൂഡെൽഹി: ലഖ്നൗവിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലെ നിർണായക തീരുമാനങ്ങളിൽ ഒന്നായിരുന്നു ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി ഏർപ്പെടുത്തുക എന്നത്. ഇതുവരെ ജിഎസ്ടി പരിധിയിൽ ഇല്ലാതിരുന്ന ഓൺലൈൻ ഭക്ഷണ വിതരണ പ്ളാറ്റ്ഫോമുകൾ ഇനി അഞ്ച് ശതമാനം നികുതിയാണ് നൽകേണ്ടത്. 2022 ജനുവരി ഒന്ന് മുതലാകും പുതിയ നികുതി വ്യവസ്ഥ പ്രാബല്യത്തിൽ വരിക. ഈ സാഹചര്യത്തിൽ ഭക്ഷണ വിതരണത്തിൽ വരുന്ന മാറ്റം എന്താണ്? ഭക്ഷണത്തിന് വിലകൂടുമോ എന്നിങ്ങനെ നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.
ഭക്ഷണം വിതരണം നടത്തുന്ന ഓണ്‍ലൈന്‍ ശൃംഖലകള്‍ക്ക് ജിഎസ്ടി ശേഖരിക്കേണ്ട ഉത്തരവാദിത്വം കൈമാറുന്നതാണ് പുതിയ തീരുമാനം. ജനുവരി ഒന്നുമുതല്‍ സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖലകള്‍ ഉപഭോക്താവില്‍ നിന്ന് നേരിട്ട് അഞ്ചുശതമാനം ജിഎസ്ടി ശേഖരിച്ച് റെസ്റ്റോറന്റുകള്‍ക്ക് നേരിട്ട് കൈമാറുന്ന നിലയുണ്ടാവും. ഇപ്പോള്‍ ജിഎസ്ടി അടക്കാത്ത റെസ്റ്റോറന്റുകളെ ലക്ഷ്യം വെച്ചാണ് ജിഎസ്ടി കൗണ്‍സിലിന്റെ നീക്കമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ പറയുന്നത്.
ഉപഭോക്താക്കളെ ബാധിക്കുന്നത് എങ്ങനെ?
ഓണ്‍ലൈന്‍ ഓര്‍ഡറില്‍ നല്‍കിയിരുന്ന അഞ്ചുശതമാനം ജിഎസ്ടി നല്‍കുന്നത് തുടരുക മാത്രമാണ് ഉപഭോക്താവിനെ സംബന്ധിച്ച് വേണ്ടിവരിക എന്നാണ് വിലയിരുത്തല്‍. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് അനുസരിച്ചാണ് അഞ്ച് ശതമാനം നികുതി ഫുഡ് അഗ്രിഗേറ്റര്‍ ഇനി നല്‍കേണ്ടത്. പ്രത്യക്ഷത്തില്‍ ഇത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരെ ബാധിക്കാത്ത നിലയില്‍ ആണെങ്കിലും നികുതി ഏര്‍പ്പെടുത്തുന്നത് കമ്പനികള്‍ ഡെലിവറി ചാര്‍ജുകള്‍ ഉയര്‍ത്താന്‍ കാരണമായേക്കാം. അതേസമയം, ഇരുപതുലക്ഷത്തില്‍ താഴെ വരുമാനം മാത്രമുള്ള ചെറുകിട റെസ്റ്റോറന്റുകള്‍ക്ക് ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.
Also Read: സംസ്ഥാനത്ത് സ്കൂളുകളും തുറക്കുന്നു; നവംബറിലെന്ന് സൂചന







































