പാലക്കാട്: ജില്ലയിലെ വാണിയംകുളത്തെ പ്രധാന പാതയോരത്തെ പെട്രോൾ പമ്പിൽ നിന്നും പണം മോഷ്‌ടിച്ച കേസിൽ പ്രതി അറസ്‌റ്റിൽ. മലപ്പുറം പൊന്നാനി കടവനാട് പുതുമാളിയേക്കൽ വീട്ടിൽ തഫ്സീർ ദർവേഷ്(25) ആണ് അറസ്‌റ്റിലായത്. മറ്റൊരു കേസിൽ വിയ്യൂർ പോലീസ് അറസ്‌റ്റ് ചെയ്‌ത് റിമാൻഡിൽ കഴിയുകയായിരുന്ന ദർവേഷിന്റെ അറസ്‌റ്റ് ഒറ്റപ്പാലം പോലീസ് എത്തി രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 5ആം തീയതി രാത്രിയാണ് മയിൽ വാഹനം ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുള്ള വാണിയംകുളത്തെ പമ്പിൽ നിന്നു 30,350 രൂപ മോഷ്‌ടിക്കപ്പെട്ടത്. തുടർന്ന് കേസിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് പ്രതി വിയ്യൂർ പോലീസിന്റെ പിടിയിലായത്. പെട്രോൾ പമ്പിൽ നിന്നു കാണാതായ നിരീക്ഷണ ക്യാമറകളുടെ സാമഗ്രികളും പോലീസ് കണ്ടെടുത്തു.
തെളിവെടുപ്പിനായി പ്രതിയെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ അടുത്ത ദിവസം പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തലാണ് പ്രതിയുടെ രീതിയെന്ന് പോലീസ് വ്യക്‌തമാക്കി. കൂടാതെ ഇയാൾക്കെതിരെ സമാനമായ നിരവധി കേസുകൾ ഉണ്ടെന്നും അധികൃതർ അറിയിച്ചു.
Read also: വാളാരംകുന്ന്, കൊയറ്റുപാറ പ്രദേശം ഒഴിയാൻ നിർദ്ദേശം; പരാതിയുമായി നിവാസികൾ






































