വെള്ളമുണ്ട: വാളാരംകുന്ന്, കൊയറ്റുപാറ പ്രദേശത്ത് നിന്ന് മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിയുമായി ഒരു വിഭാഗം കോളനിക്കാർ. പ്രകൃതി ദുരന്ത ഭീഷണി നിലനിൽക്കുന്ന പ്രദേശമായതിനാൽ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറണമെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഗുണഭോക്‌താക്കളുടെ യോഗത്തിൽ നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ, പതിറ്റാണ്ടുകളായി കൈവശം വെച്ച് പോരുന്നതും ഉപജീവനോപാധിയുമായ കൃഷിസ്‌ഥലമടക്കം ഉപേക്ഷിച്ചു നാമമാത്രമായി ലഭിക്കുന്ന സ്‌ഥലത്തേക്ക് മാറിത്താമസിക്കണമെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം കോളനി നിവാസികൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്‌ടർ, ജില്ലാ പോലീസ് മേധാവി, വെള്ളമുണ്ട പോലീസ് എന്നിവർക്കു പരാതി നൽകിയിട്ടുണ്ട്.
ലക്ഷങ്ങൾ മുടക്കി വഴിയും മറ്റു സൗകര്യങ്ങളും ഒരുക്കിയ വീടുകളും ഇവിടെയുണ്ട്. പണിയ, കാട്ടുനായ്‌ക്ക വിഭാഗങ്ങളിലെ 73 കുടുംബങ്ങളാണ് ഇവിടുത്തെ രണ്ട് കോളനികളിലായി ഉള്ളത്. ഇവരിൽ സ്‌ഥലവും വീടും ഇല്ലാത്തവർക്ക് മാറിത്താമസിക്കുന്നതിനോട് എതിർപ്പില്ല. മറ്റുള്ളവർക്ക് പ്രകൃതി ദുരന്ത സാധ്യതാ സമയങ്ങളിൽ മാറിത്താമസിക്കാൻ ഷെൽറ്റർ സ്‌ഥാപിക്കുകയും അല്ലാത്തപ്പോൾ നിലവിലെ വീടുകളിൽ താമസിക്കാൻ അനുവദിക്കണമെന്നുമാണ് ആവശ്യം.
എന്നാൽ, പതിവായി മണ്ണിടിച്ചിലുള്ള ഇവിടെ ഏത് സമയവും അപകടസാധ്യത നിലനിൽക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്. മറ്റിടങ്ങളിലേക്ക് മാറിയാൽ കൃഷിയും മറ്റ് ഉപജീവന മാർഗങ്ങളും നശിക്കുമെന്ന ആശങ്കയിലാണ് കോളനിക്കാർ. പിന്നീട് കൃഷി ഭൂമിയിലെ അവകാശം പോലും നിഷേധിക്കപ്പെടുമെന്ന ആശങ്കയും ഇവർക്കുണ്ട്. കോളനി സ്‌ഥിതി ചെയ്യുന്ന ബാണാസുര മലയിൽ റിസോർട്ടുകൾ അടക്കം ഒട്ടേറെ സ്വകാര്യ സ്‌ഥാപനങ്ങൾ ഉണ്ടെങ്കിലും അവയൊന്നും മാറ്റി സ്‌ഥാപിക്കാൻ ആവശ്യപ്പെടാതെ കോളനിക്കാരോട് മാത്രം മാറാൻ പറയുന്നത് എന്തിനാണെന്നും ഇവർ ചോദിക്കുന്നു.
നിശ്‌ചിത പരിധിക്കുള്ളിൽ വീടുകൾ സ്‌ഥിതി ചെയ്യുന്നതിനാൽ അടച്ചുപൂട്ടിയ ക്വാറികൾ, പുനരാരംഭിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
Also Read: ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; അന്വേഷണം