ന്യൂഡെൽഹി: ഡിജിറ്റൽ അറസ്‌റ്റ് ഉൾപ്പടെയുള്ള സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് 9400 അക്കൗണ്ടുകൾ വാട്‌സ് ആപ്പ് നിരോധിച്ചിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. ജനുവരി മുതലുള്ള കണക്കാണ് പുറത്തുവന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് നിരോധിച്ചത്. അറ്റോണി ജനറൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട് നടത്തിയ എൻഫോഴ്‌സ്‌മെന്റ് നീക്കത്തിലാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ നിർദ്ദേശ പ്രകാരമാണ് ഈ നടി. പോലീസ് അല്ലെങ്കിൽ മറ്റു അന്വേഷണ ഏജൻസി ഉദ്യോഗസ്‌ഥരെന്ന വ്യാജേന വീഡിയോ കോളുകൾ വഴി ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതിയാണ് ഡിജിറ്റർ അറസ്‌റ്റ്.
ഇത്തരം തട്ടിപ്പുകൾക്കായി ഉപയോഗിച്ച ഫോണുകളുടെ ഐഡികൾ ബ്ളോക്ക് ചെയ്യാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമെ തട്ടിപ്പുകാർ ഉപയോഗിക്കുന്ന ആയിരക്കണക്കിന് സ്‌കൈപ്പ് ഐഡികളും റദ്ദാക്കി.
ഡിജിറ്റൽ അറസ്‌റ്റുമായി ബന്ധപ്പെട്ട് സ്വമേധയാ രജിസ്‌റ്റർ ചെയ്‌ത കേസിൽ സുപ്രീം കോടതി ആവശ്യപ്പെട്ടത് കൊണ്ടാണ് സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്‌തത്. ഇന്ത്യൻ ഉപഭോക്‌താക്കളെ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ അറസ്‌റ്റ് തടയുന്നതിന് ജനുവരിയിലാണ് വാട്‌സ് ആപ്പ് അന്വേഷണം തുടങ്ങിയത്. കൂടാതെ ഇത്തരം സംഭവങ്ങൾ തടയുന്നതിനായി പുതിയ ഫീച്ചറുകളും വാട്‌സ് ആപ്പ് തുടങ്ങി.
വ്യാജ സിം കാർഡുകൾ തടഞ്ഞ് ഉപയോഗ ശൂന്യമാക്കുന്നതിന് വിവിധ നടപടിക്രമങ്ങൾ ടെലികോം വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അറ്റോർണി ജനറൽ വ്യക്‌തമാക്കി. വ്യാജമാണെന്ന് കണ്ടെത്തുന്ന സിം കാർഡുകൾ രണ്ടോ മൂന്നോ മണിക്കൂറിനകം ബ്ളോക്ക് ചെയ്യാനുള്ള നടപടികളും ആലോചിക്കുന്നുണ്ട്. ഡിജിറ്റൽ അറസ്‌റ്റുമായി ബന്ധപ്പെട്ട് പത്തുകോടിയിലേറെ രൂപ തട്ടിയ കേസുകൾ സിബിഐ അന്വേഷിക്കും. നിലവിൽ മൂന്ന് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ







































