കൊച്ചി: അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി. കേന്ദ്ര സമുദ്രമൽസ്യ ഗവേഷണ സ്ഥാപനത്തിലെ ഗവേഷക സംഘമാണ് (സിഎംഎഫ്ആർഐ) ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ മേഖലയിൽ 350 മുതൽ 500 മീറ്റർ വരെ ആഴമുള്ള ഭാഗത്ത് നിന്ന് മൽസ്യത്തെ കണ്ടെത്തിയത്.
‘ഇന്ത്യൻ ഡോറി’ എന്ന് വിളിക്കുന്ന മൽസ്യത്തിന് ‘സിറ്റോപ്സിസ് ഇൻഡിക്ക’ എന്നാണ് ശാസ്ത്രീയ നാമം. കൊല്ലം ശക്തികുളങ്ങര ഹാർബറിലെത്തിയ ട്രോളിങ് ബോട്ടുകളിൽ നിന്നാണ് ഗവേഷണത്തിന് ആവശ്യമായ ആറ് മൽസ്യങ്ങളെ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്.
സിഎംഎഫ്ആർഐയിലെ ഡോ. ആർ. രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പുതിയ ഇനം മീനിന്റെ കണ്ടെത്തലിന് പിന്നിൽ. ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെട്ടിരുന്ന മൽസ്യങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന ‘സിറ്റോപ്സിസ് റോസിയ’ എന്ന വിഭാഗത്തിൽപ്പെട്ടതാണെന്നാണ് കരുതിയിരുന്നത്. എന്നാൽ, ജനിതക ഘടനയിൽ ഇവയിൽ നിന്ന് വ്യത്യസ്തമാണ് പുതിയ ഇനം മൽസ്യമെന്ന് കണ്ടെത്തി.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































