ന്യൂഡെൽഹി: രാജ്യത്ത് 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ വ്യാപാരികൾ രംഗത്ത്. ഒക്ടോബർ 15 മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.
സൗകര്യപ്രദമായി പണം കൈമാറാൻ കഴിയുന്ന യുപിഐ സംവിധാനത്തിൽ ഫീസ് ഏർപ്പെടുത്തുന്നത് ഡിജിറ്റൽ ഇടപാടുകളെ നിരുൽസാഹപ്പെടുത്തും. 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കം അധികൃതർ പിൻവലിക്കുകയോ, ഫീസിന്റെ പരിധി 4000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കായി ഉയർത്തുകയോ വേണമെന്ന് അസോസിയേഷൻ പ്രസിഡണ്ട് ജി ജയപാലും ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും ആവശ്യപ്പെട്ടു.
പുതിയ നിയമപ്രകാരം 2000 രൂപയ്ക്ക് മുകളിലുള്ള ഉപഭോക്തൃ ഇടപാടുകൾക്ക് ഡിജിറ്റൽ വാലറ്റുകൾ വ്യാപാരികളിൽ നിന്ന് അഞ്ചുരൂപാ നിരക്കിൽ ഈടാക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. പ്രതിമാസം ഒരുലക്ഷം രൂപ വരെ വരുമാനമുള്ള ചെറുകിട വ്യാപാരികളെ എംഡിആർ നിരക്കുകളിൽ നിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് 0.4 ശതമാനം ചാർജ് നൽകണമെന്നാണ് ഉത്തരവ്. എന്നാൽ, 2000ത്തിന് താഴെയുള്ള പെയ്മെന്റുകൾക്ക് ഈ തുക ബാധകമല്ല. ഒരു ഇടപാടിൽ പരമാവധി 300 രൂപ വരെയായിരിക്കും ഈടാക്കാവുന്ന ഫീസ്. ഈ തുക ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കുന്നതിന് പകരം വ്യാപാരികളിൽ നിന്നായിരിക്കും ഈടാക്കുക.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്




































