ചിന്നക്കനാൽ: ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോകോളർ ഘടിപ്പിക്കാനുള്ള ദൗത്യം നിർത്തിവെച്ചു. മൂന്ന് ദിവസമായി തുടരുന്ന ദൗത്യം ഇനി ജനുവരിയിൽ പുനരാരംഭിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. അതുവരെ ആനയെ നിരീക്ഷിക്കും. ആന ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയുമെന്നും വനംവകുപ്പ് അറിയിച്ചു.
കാലാവസ്ഥ മാറുന്നതും പുൽമേടുകൾ കരിയുന്നതും അനുകൂലമാകുമെന്ന നിഗമനത്തിലാണ് ദൗത്യം ജനുവരിയിലേക്ക് മാറ്റിയത്. ഇന്ന് വൈകീട്ട് നാലുമണിക്ക് വീണ്ടും മയക്കുവെടി വെച്ചെങ്കിലും പൂർണമായി മയങ്ങാത്ത കൊമ്പൻ, ജലാശയത്തിലേക്ക് ഇറങ്ങിയത് അരമണിക്കൂറോളം ദൗത്യ സംഘത്തെ ആശങ്കയിലാക്കി. തുടർന്ന് കരയ്ക്ക് കയറിയ ആന അക്രമാസക്തനായി ദൗത്യ സംഘത്തിന് നേരെ തിരിഞ്ഞു.
ഉൾക്കാട്ടിലേക്ക് കയറ്റി വെടി വയ്ക്കാനായിരുന്നു ഏറ്റവും ഒടുവിലത്തെ ശ്രമമെങ്കിലും വെളിച്ചക്കുറവ് പ്രതിസന്ധിയായതോടെ ദൗത്യം നിർത്തിവെക്കുകയായിരുന്നു. ആദ്യ ദിനം പ്രതികൂല കാലാവസ്ഥയാണ് ദൗത്യത്തിന് തിരിച്ചടിയായത്. രണ്ടാം ദിനം അനുകൂല പ്രദേശത്ത് ആന എത്താതിരുന്നതാണ് ദൗത്യം പരാജയപ്പെടാൻ കാരണം. ആദ്യദിനം മയക്കുവെടി കൊണ്ടെങ്കിലും ആന മയങ്ങിയില്ല. ഇന്ന് ദൗത്യം പൂർത്തിയാകുമെന്നാണ് വിചാരിച്ചതെങ്കിലും പരാജയപ്പെടുകയായിരുന്നു.
100 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം വിവിധ ടീമുകളായി തിരിഞ്ഞാണ് ദൗത്യം ഏകോപിപ്പിക്കുന്നത്. അഞ്ച് ഡോക്ടർമാരും 15 അംഗ ട്രക്കിങ് ടീമും മിഷൻ ചക്കക്കൊമ്പന്റെ ഭാഗമാണ്. വയനാട് മുത്തങ്ങയിൽ നിന്നെത്തിച്ച രണ്ട് കുങ്കിയാനകളും ദൗത്യത്തിന് ഒപ്പമുണ്ട്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































