തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ഡെൽഹിയിൽ. ഇന്നും നാളെയും ഡെൽഹിയിൽ നടക്കുന്ന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് പോയതെങ്കിലും, സംസ്ഥാന കോൺഗ്രസിൽ സ്ഥിതി വഷളായ പശ്ചാത്തലത്തിൽ ദേശീയ നേതൃത്വവുമായി ചർച്ച നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
അതേസമയം, രണ്ട് ദിവസമായി കേരളത്തിൽ ഉണ്ടായിരുന്ന എഐസിസി ജനറൽ ദീപാദാസ് മുൻഷിയും ഡൽഹിയിലേക്ക് മടങ്ങി. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികൾ കെപിസിസി ആസ്ഥാനത്ത് ഇരു നേതാക്കളും രണ്ടു ദിവസമായി വിലയിരുത്തിയിരുന്നു.
കൂടിയാലോചനകൾ ഇല്ലാതെ മുഖ്യമന്ത്രി ചില തീരുമാനങ്ങൾ എടുക്കുന്നതാണ് ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നവരെ തഴയുന്നെന്നും ചൂണ്ടിക്കാട്ടി എ വിഭാഗം നേതാക്കൾ കോൺഗ്രസ് അധ്യക്ഷനെ കണ്ട് പരാതി പറഞ്ഞതിന് പിന്നാലെയാണ് കെപിസിസി പ്രസിഡണ്ട് ഡെൽഹിയിലെത്തുന്നത്. വൈദ്യുതി വാങ്ങലിലും പിഎസ്സി നിയമനങ്ങളിലും വിശ്വാസത്തിലെടുക്കാതെ മുഖ്യമന്ത്രി നീങ്ങിയതിൽ സണ്ണി ജോസഫിനും അതൃപ്തിയുണ്ട്.
കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നദ്ധനാണ്, എന്നാൽ, ആ പദവിയിൽ തുടരുന്ന കാലത്തോളം തന്നെക്കൂടി വിശ്വാസത്തിലെടുത്ത് വേണം സർക്കാരിന്റെ പ്രധാന തീരുമാനങ്ങളെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ സന്ദർശിക്കാനുള്ള അനുമതിയാണ് സണ്ണി ജോസഫ് തേടിയിട്ടുള്ളത്.
മുഖ്യമന്ത്രി വിഡി സതീശനുമായി അകൽച്ചയിലുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിവിധ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. പാർട്ടി-സർക്കാർ ഏകോപനം ശക്തമാക്കണമെന്നും അതിൽ എഐസിസിക്കും പ്രാതിനിധ്യം വേണമെന്നുമുള്ള നിലപാടിലാണ് അവർ.
Most Read| പാക്ക് അതിർത്തിയിൽ ഇന്ത്യയുടെ നിർണായക നീക്കം; അഞ്ചാം എസ്-400 വിന്യസിക്കും



































