ന്യൂഡെൽഹി: പാക്കിസ്‌ഥാൻ അതിർത്തിയിൽ നിർണായക നീക്കവുമായി ഇന്ത്യ. റഷ്യയിൽ നിന്ന് വാങ്ങുന്ന അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം പാക്ക് അതിർത്തിയിൽ വിന്യസിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. 2027 ഫെബ്രുവരിയോടെ വിന്യാസം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
അഞ്ച് എസ്-400 സംവിധാനങ്ങൾ വാങ്ങുന്നതിനായി 2018ൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവെച്ച 5.43 ബില്യൺ ഡോളറിന്റെ കരാർ ഇതോടെ പൂർത്തിയാകും. 2027 ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഈ സംവിധാനം ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായുള്ള പരിശോധനകൾക്കായി ഇന്ത്യൻ ഉദ്യോഗസ്‌ഥരുടെ ഒരു സംഘം ഡിസംബറിൽ റഷ്യ സന്ദർശിക്കും.
400 കിലോമീറ്റർ വരെ ദൂരപരിധിയുള്ള എസ്-400 ഒരു ദീർഘദൂര വ്യോമപ്രതിരോധ സംവിധാനമാണ്. ശത്രുരാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ കണ്ടെത്താനും തകർക്കാനും ഇതിന് ശേഷിയുണ്ട്. നിലവിൽ നാല് എസ്- 400 സംവിധാനങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്. ഇതിൽ മൂന്നെണ്ണം പാക്കിസ്‌ഥാനോട് ചേർന്നുള്ള പടിഞ്ഞാറൻ അതിർത്തിയിലും ഒരെണ്ണം കിഴക്കൻ മേഖലയിലുമാണ് വിന്യസിച്ചിരിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ 2025 മേയ് മാസത്തിൽ പാക്കിസ്‌ഥാനിലെയും പാക്ക് അധീന കശ്‌മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ എസ്-400 സംവിധാനം നിർണായക പങ്ക് വഹിച്ചിരുന്നു. പുതിയ സംവിധാനം കൂടി എത്തുന്നതോടെ രാജ്യത്തിന്റെ അതിർത്തി സുരക്ഷയും വ്യോമപ്രതിരോധ ശേഷിയും കൂടുതൽ ശക്‌തമാകും.
Most Read| മൂന്നുമാസത്തിനിടെ യൂട്യൂബ് നീക്കിയത് 1.1 കോടി വീഡിയോ; ഒന്നാമത് ഇന്ത്യ





































