പാലക്കാട് അട്ടപ്പാടിയിൽ അപൂർവയിനം പുൽച്ചാടിയെ കണ്ടെത്തിയത് നാട്ടുകാർക്ക് കൗതുകമായി. അട്ടപ്പാടി സഹകരണ ഫാമിങ് സൊസൈറ്റിയുടെ വരടിമല ഫാമിലാണ് പിങ്ക് നിറത്തിലുള്ള പുൽച്ചാടിയെ കണ്ടത്. ഫാം യൂണിറ്റ് ഓഫീസർ നൗഷാദ് ചെന്നാട്ടിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച പുൽച്ചാടിയുടെ ഫോട്ടോകളും വിവരങ്ങളും ഇതിനോടകം വൈറലായി.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട തൃശൂർ കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിലെ എൻഡമോളജിസ്റ്റ് പ്രഫ. ഡോ. ഗവാസ് രാകേഷ്, നൗഷാദിനെ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. സാധാരണയായി പച്ച, തവിട്ട് നിറങ്ങളിലാണ് ഇവയെ കാണാറുള്ളത്. ജനിതകമാറ്റം സംഭവിച്ചാണ് പിങ്ക് നിറമുണ്ടാകുന്നതെന്ന് വിദഗ്ധർ പറയുന്നു. ലക്ഷത്തിൽ ഒരെണ്ണം മാത്രമേ ഇങ്ങനെയുണ്ടാകൂ.
‘എരിത്രിസം’ എന്നാണ് ഈ ജനിത മാറ്റത്തെ വിളിക്കുന്നത്. ആറുവർഷം മുൻപ് പത്തനംതിട്ട ജില്ലയിൽ പിങ്ക് പുൽച്ചാടിയെ കണ്ടെത്തിയതായി ഡോ. ഗവാസ് പറഞ്ഞു. പിങ്ക് നിറം പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടതിനാൽ പക്ഷികൾ ഇവയെ എളുപ്പത്തിൽ വേട്ടയാടും. വരടിമലയിൽ കണ്ട പുൽച്ചാടിയെ ലാബിൽ വളർത്തുമെന്നും ഗവാസ് പറഞ്ഞു.
Most Read| കായികരംഗത്ത് വിസ്മയം തീർത്ത് വയോധിക ദമ്പതികൾ




































