ന്യൂഡെൽഹി: ഗോധ്ര ട്രെയിൻ തീവയ്‌പ്പ് കേസിൽ പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി. ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഇർഫാൻ സിറാജ് പാഡയുടെ ശിക്ഷയാണ് കോടതി ഇളവ് ചെയ്‌ത് ജാമ്യം അനുവദിച്ചത്. ആരോഗ്യ കാരണങ്ങൾ പരിഗണിച്ചാണ് നടപടി.
ഗുരുതര ഹൃദ്രോഗം ബാധിച്ച പാഡ ഇതിനകം 17 വർഷം തടവുശിക്ഷ അനുഭവിച്ചതായി ജസ്‌റ്റിസുമാരായ എംഎം സുന്ദരേശ്, പിബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതി ചെയ്‌ത കുറ്റകൃത്യം ഗുരുതര സ്വഭാവമുള്ളതാണെന്നും ജയിലിലും പ്രതി നല്ല നടപ്പുകാരനല്ലായിരുന്നുവെന്നും ജാമ്യത്തെ എതിർത്ത് ഗുജറാത്ത് സർക്കാർ വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാഡയാണ് കോടതിയെ സമീപിച്ചത്. ആരോഗ്യം മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതി ജാമ്യത്തിന് അപേക്ഷിച്ചിട്ടുള്ളതെന്നും ഇക്കാര്യം സംസ്‌ഥാന സർക്കാരും ശരിവയ്‌ക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
2002 ഫെബ്രുവരി 27നാണ് അയോധ്യയിൽ നിന്ന് വരികയായിരുന്ന സബർമതി എക്‌സ്‌പ്രസിൽ എസ്- 6 കോച്ചിന് തീയിട്ട സംഭവം നടന്നത്. സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ 59 പേരാണ് മരിച്ചത്. ഈ സംഭവമാണ് ഗുജറാത്ത് കലാപത്തിന് കാരണമായത്.
2011 മാർച്ചിൽ 31 പേരെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. ഇതിൽ 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. 2017ൽ ഗുജറാത്ത് ഹൈക്കോടതി 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്‌ക്കുകയും 20 പേരുടെ ജീവപര്യന്തം ശിക്ഷ ശരിവയ്‌ക്കുകയും ചെയ്‌തിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്‌തിരുന്നു.
Most Read| ധനരാജ് വധക്കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ, 16പേരെ വെറുതെവിട്ടു



































