കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടലിനിടെ ലഷ്കർ ഇ-ത്വയിബ കമാൻഡർ ലത്തീഫ് ഭട്ടിനെ വളഞ്ഞ് സുരക്ഷാ സേന. ഏറ്റുമുട്ടലിനിടെ ലത്തീഫ് ഭട്ട് മസ്ജിദിനുള്ളിൽ കുടുങ്ങുകയായിരുന്നു. പ്രദേശത്ത് ഏറ്റുമുട്ടൽ രൂക്ഷമായതോടെ സുരക്ഷാ സേന വീഡിയോ കോളിലൂടെ ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ലെന്നാണ് റിപ്പോർട്.
തനിക്ക് ദൈവത്തെ കാണാനാണ് ആഗ്രഹമെന്നും അതിൽ വളരെ സന്തോഷവാനാണെന്നും മറുപടി നൽകിയ ഇയാൾ മസ്ജിദിനുള്ളിൽ നിന്ന് സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുന്നത് തുടരുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈമാസം 11ന് സിആർപിഎഫ് ചെക്ക്പോസ്റ്റിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ലത്തീഫ് ഭട്ടായിരുന്നു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിന് മുന്നോടിയായി പ്രദേശങ്ങളിൽ ഇയാൾ നിരന്തരം നിരീക്ഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. ആക്രമണത്തിൽ പങ്കാളിയായ ഇയാളുടെ കൂട്ടാളി ഉമർ നിസാർ ദാർ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
ലാറു ബൈപാപ്പസിന് സമീപം ഇവർ ഒളിച്ചിരുന്ന സ്കൂൾ കെട്ടിടം വളഞ്ഞാണ് സുരക്ഷാസേന ഉമറിനെ വധിച്ചത്. ലത്തീഫ് ഭട്ടും കൊല്ലപ്പെട്ടെന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും വെടിയേറ്റ ഇയാൾ കടന്നുകളഞ്ഞതായി പിന്നീട് സ്ഥിരീകരിച്ചു. കഴിഞ്ഞ ആറുമാസമായി ഉമർ നിസാർ ദാറാണ് ഭട്ടിന് താവളവും മറ്റു സഹായങ്ങളും നൽകിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ജൂലൈ 22ന് അനന്ത്നാഗിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ട ആക്രമണത്തിലും ഓഗസ്റ്റ് ഒന്നിന് കുൽഗാമിൽ രണ്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിലും ലത്തീഫ് ഭട്ടിന് പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
നിലവിൽ പ്രദേശത്ത് വ്യാപകമായ തിരച്ചിലും ഏറ്റുമുട്ടലും തുടരുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഡ്രോണുകളുടെ സഹായത്തോടെയാണ് ഭട്ടിനായി തിരച്ചിൽ നടത്തുന്നത്.
Most Read| കേരള സ്റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത; ജൂബി ജോസ് പുതിയ സാരഥി




































