മലപ്പുറം: നിലമ്പൂരിൽ യുവാവിനെ ആക്രമിച്ച് 9,95,000 രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതികളുമായി ബന്ധമുള്ള മൂന്നുപേരെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. പണം തട്ടിയെടുത്തത് മണ്ണാർക്കാട് സ്വദേശികളാണെന്നും നടന്നത് ആസൂത്രിത കവർച്ചയാണെന്നും പോലീസ് പറയുന്നു.
കാളികാവ് അഞ്ചച്ചവടി സ്വദേശി ഫിറോസിനാണ് പണം നഷ്ടമായത്. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിൽ ബാങ്ക് ഓഫ് ബറോഡ ശാഖയുടെ കോണിപ്പടിയിൽ വെച്ച് ഇന്നലെ രാവിലെ 11.15നായിരുന്നു സംഭവം. ചെറുകാട് സ്വദേശിയായ സുഹൃത്ത് തന്റെ അക്കൗണ്ടിൽ കടമായി പത്തുലക്ഷം രൂപ നിക്ഷേപിച്ചെന്നും 5000 രൂപ ഒഴികെ ബാക്കി തുക പിൻവലിച്ച് ഇറങ്ങുമ്പോൾ ഏതാനും പേർ വളഞ്ഞിട്ട് മർദ്ദിച്ച് പണം പിടിച്ചുപറിച്ചെന്നുമാണ് ഫിറോസിന്റെ പരാതി.
പിടിച്ചുപറി സംഘം കുത്താൻ ഓങ്ങിയ കത്തി ഫിറോസ് പിടിച്ചുവാങ്ങി സംഘത്തിലെ ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ചു. വെള്ളനിറമുള്ള കാറിൽ പണവുമായി സംഘം കടന്നുകളഞ്ഞു. ഫിറോസ് ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. സംഭവത്തിന്റെ വീഡിയോ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്തമാക്കി വിഡി സതീശൻ





































