ന്യൂഡെൽഹി: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ കോൺഗ്രസ് 188 സീറ്റുകൾ ആവശ്യപ്പെട്ടതായി സമാജ്‌വാദി പാർട്ടി (എസ്‌പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ന്യൂഡെൽഹിയിൽ നടന്ന എച്ച്ടി ലീഡർഷിപ്പ് സമ്മിറ്റ് 2026ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. കോൺഗ്രസുമായി വളരെ നല്ല ബന്ധമാണ് പാർട്ടിക്കുള്ളതെന്നും സമാജ്‌വാദി മൽസരിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
2024ലെ യുപി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റുകളിൽ 43 എണ്ണത്തിലും വിജയിച്ച് എസ്‌പി-കോൺഗ്രസ് സഖ്യം മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. ഇതിൽ 17 സീറ്റുകളിൽ മൽസരിച്ച കോൺഗ്രസ് ആറിടത്ത് വിജയിച്ചിരുന്നു. 2017ന്റെ തുടക്കത്തിലാണ് ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
നവംബർ 26ന് ഭരണഘടനാ ദിനത്തിൽ സമാജ്‌വാദി പാർട്ടിയുടെ ‘ജൻ-മൻ പ്രകടന പത്രിക’ പുറത്തിറക്കുമെന്നും അഖിലേഷ് യാദവ് അറിയിച്ചു. യുപിയിലെ ജനങ്ങളെ ബിജെപി തെറ്റിദ്ധരിപ്പിക്കുകയാണെന്നും കൗൺസിൽ തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി നേരിട്ട തിരിച്ചടികൾ ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

































