ന്യൂഡെൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പിടി ഉഷയ്‌ക്ക് ആശ്വാസം. ഐസ് ഹോക്കി ഫെഡറേഷൻ വഴിയുള്ള നാമനിർദ്ദേശം വരണാധികാരി അംഗീകരിച്ചു. പിടി ഉഷയ്‌ക്ക് ഐസ് ഹോക്കിയുമായി ബന്ധമില്ലെന്നും നാമനിർദ്ദേശം തള്ളണമെന്നും കാണിച്ചു നൽകിയ പരാതികൾ അസോസിയേഷൻ തള്ളി.
ഇതോടെ പിടി ഉഷയ്‌ക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുകയും മൽസരിക്കുകയും ചെയ്യാം. ഐഒഎ ജനറൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഉഷയെ, ഐസ് ഹോക്കി അസോസിയേഷൻ കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്‌തത്.
എന്നാൽ, ഉഷയ്‌ക്ക് ഐസ് ഹോക്കിയുമായി ബന്ധമില്ലെന്നും അതുകൊണ്ട് നോമിനേഷൻ തള്ളണമെന്നുമാണ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് എന്ന് അവകാശപ്പെടുന്ന അജിത് കാക്കർ ഇലക്‌ടറൽ ഓഫീസർ സഞ്‌ജയ് കുമാർ ശ്രീവാസ്‌തവയ്‌ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടത്.
നാലോളം പരാതികൾ ഉഷയ്‌ക്കെതിരെ ഉയർന്നിരുന്നു. എന്നാൽ, ഇത് വരണാധികാരി തള്ളി. ഒരു വ്യക്‌തി ബന്ധപ്പെട്ട കായിക ഇനത്തിൽ പങ്കെടുത്തില്ലെങ്കിൽ ആ ഇനത്തിലെ സംഘടനയുടെ പ്രതിനിധിയാകാൻ കഴിയുമോ എന്നുള്ളതായിരുന്നു ഉയർന്നുവന്ന പ്രധാന പ്രശ്‌നം. അത്തരത്തിൽ ഒരു വിലക്കും ഭരണഘടനയിൽ ഇല്ല എന്ന മറുപടിയാണ് ഐഎഒ നൽകിയത്. പിന്നാലെയാണ് പ്രതിനിധി പട്ടിക അംഗീകരിച്ചതായി വരണാധികാരി അറിയിച്ചത്.
2030ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ എത്തിക്കുന്നതിൽ ഐഒഎ പ്രസിഡണ്ട് എന്ന നിലയിൽ ഉഷ വലിയ പങ്കാണ് വഹിച്ചത്. ലോകമറിയുന്ന അത്‌ലറ്റ് എന്ന നിലയിൽ കായിക വൃത്തങ്ങളിൽ ഉഷയ്‌ക്ക് വലിയ സ്വീകാര്യതയുണ്ട്. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയുടെ ശ്രമങ്ങൾ വിജയിക്കാനും ഉഷയുടെ സാന്നിധ്യം തുണയാവുമെന്ന് ഭരണവൃത്തങ്ങൾക്ക് ബോധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നത ഇടപെടലുകളിൽ ഉഷ ഐഒഎയിൽ തിരിച്ചെത്തിയത്.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ


































