ഗുവാഹത്തി: അസമിലെ കാസിരംഗയിൽ കണ്ടെയ്നർ ട്രക്കും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 24 പേർ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച ദേശീയപാത 715ൽ കാസിരംഗ ദേശീയോദ്യാനത്തിന് സമീപം റോംഗജാനിലാണ് ദാരുണമായ അപകടം നടന്നത്. ബോക്കാഘട്ടിൽ നിന്ന് നാഗാവോണിയിലേക്ക് പോവുകയായിരുന്ന മിനിബസ് ട്രക്കിൽ ഇടിച്ചുകയറിയാണ് അപകടം. കൂട്ടിയിടിയുടെ ആഘാതത്തിൽ മിനിബസ് പൂർണമായും തകർന്നു. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകട സമയത്ത് ബസിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നുവെന്ന കാര്യം വ്യക്തമായിട്ടില്ല. കാസിരംഗ ദേശീയോദ്യാന മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിച്ച് അമിതവേഗതയിലാണ് മിനിബസ് സഞ്ചരിച്ചതെന്ന് പോലീസ് അറിയിച്ചു.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ കൊഹൊറ മോഡൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഭൂരിഭാഗം പേരെയും വിദഗ്ധ ചികിൽസയ്ക്കായി ജോർഹട്ട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
Most Read| ആദ്യ ഏഷ്യൻ-അമേരിക്കൻ മേയറായി നിത്യ രാമൻ





































