വാഷിങ്ടൻ: ലൊസാഞ്ചലസിലെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയറായി കേരളത്തിൽ ജനിച്ചുവളർന്ന നിത്യ രാമൻ. ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥി ആയിരുന്നു ഇവർ. നിലവിലെ മേയറായ കരേൻ ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യയുടെ വിജയം.
ഡിസിഷൻ ഡെസ്‌ക് എച്ച്ക്യു പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 51.1 ശതമാനം വോട്ടുകൾ നേടിയാണ് നിത്യ വിജയിച്ചത്. കരേൻ ബാസിന് 48.33 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
നിത്യയുടെ അമ്മയുടെ നാടാണ് തൃശൂർ. തിരുവനന്തപുരം അച്ഛന്റെയും. 1981ലാണ് നിത്യയുടെ ജനനം. അച്ഛൻ വെങ്കിട്ടരാമൻ തിരുവനന്തപുരം കെൽട്രോണിൽ എൻജിനിയറായിരുന്നു. തൃശൂരിൽ ജനിച്ചെങ്കിലും രണ്ടരവർഷം തിരുവനന്തപുരത്തായിരുന്നു താമസം. വെങ്കിട്ടരാമൻ ഉന്നതപഠനത്തിന് അമേരിക്കയിലേക്ക് പോയ ശേഷമാണ് അമ്മയും മകളും തൃശൂരിലേക്ക് വന്നത്.
നടനനികേതനത്തിൽ പ്രവർത്തിച്ചിരുന്ന ഭാരതീയ വിദ്യാഭവനിലായിരുന്നു എൽകെജി മുതൽ ഒന്നാം ക്ളാസ് വരെ നിത്യയുടെ പഠനം. ആറാം വയസിൽ കുടുംബസമേതം അമേരിക്കയിലേക്ക് പോയി. പിന്നെ ബിരുദത്തിന് ശേഷമാണ് കൂടുതൽക്കാലം ഇന്ത്യയിൽ തങ്ങിയത്. നാലുവർഷം ഇന്ത്യയിൽ ഉണ്ടായിരുന്നു. നൃത്തത്തോടുള്ള ഇഷ്‌ടം കാരണം ചെന്നൈ കലാക്ഷേത്രയിൽ നിന്ന് ഭരതനാട്യം പഠിച്ചെടുത്തു.
ഹോളിവുഡ് തിരക്കഥാകൃത്തും നിർമാതാവുമായ വാലി ചന്ദ്രശേഖരനുമൊത്തുള്ള 2010ലെ വിവാഹമാണ് ഇന്ത്യയിൽ നടന്ന മറ്റൊരു മുഹൂർത്തം. ബെംഗളൂരുവിൽ വെച്ചായിരുന്നു വിവാഹം. ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ജീവക്കാരിയായിരുന്നു അമ്മ സുധ കേച്ചേരി. ഏക സഹോദരൻ ആകാശ് രാമൻ ന്യൂയോർക്കിൽ ഫിനാൻഷ്യൽ മേഖലയിലാണ്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































