ന്യൂഡെൽഹി: ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശിയായ ഗാന്ധാർ നഹീം അസീസ് എന്ന നാവികനാണ് മരിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന മറ്റു 13 ഇന്ത്യൻ ജീവനക്കാരെ ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് ഉടനടി അയവ് വരുത്തണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, നയതന്ത്ര ചർച്ചകളിലൂടെ ശാശ്വത പരിഹാരം കാണണമെന്നും നിർദ്ദേശിച്ചു. തിങ്കളാഴ്ച വൈകീട്ട് ഒമാനിലെ ലിമയ്ക്ക് സമീപം 14 ഇന്ത്യൻ ജീവക്കാരുമായി സഞ്ചരിക്കുകയായിരുന്ന ‘എംഎസ്വി. അൽ യൂസഫി’ എന്ന ചരക്കുകപ്പലിന് നേരെയാണ് ഉറവിടം തിരിച്ചറിയാത്ത വ്യോമാക്രമണം ഉണ്ടായത്.
ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും മറ്റു 14 പേരെ ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി പുറത്തെത്തിക്കുകയും ആയിരുന്നു. കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ എക്സ് മാദ്ധ്യമത്തിലൂടെയാണ് ആക്രമണവിവരം പുറത്തുവിട്ടതും അനുശോചനം രേഖപ്പെടുത്തിയതും.
രക്ഷപ്പെട്ട നാവികർക്ക് ആവശ്യമായ അടിയന്തര സഹായങ്ങൾ ലഭ്യമാക്കാനും കൊല്ലപ്പെട്ട നാവികന് മൃതദേഹവും മറ്റു ജീവനക്കാരെയും വേഗത്തിൽ നാട്ടിലെത്തിക്കാനും ഒമാനിലെ ഇന്ത്യൻ എംബസി പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ ശക്തമായി അപലപിച്ചു. മേഖലയിൽ വാണിജ്യക്കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി.
വാണിജ്യക്കപ്പലുകളെയും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി അന്താരാഷ്ട്ര സമുദ്രപാതകളിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യവും വാണിജ്യ സ്വാതന്ത്ര്യവും എത്രയുംവേഗം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിൽ ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിന് ശേഷം കപ്പലുകൾക്കും ടാങ്കറുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ കുറഞ്ഞത് 22 ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ചത്തെ ആക്രമണത്തോടെ പശ്ചിമേഷ്യൻ സംഘർഷത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻമാരുടെ എണ്ണം 23 ആയി ഉയർന്നു.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി






































