കോഴിക്കോട്: സംസ്‌ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന 400 കോടി ജനങ്ങൾ ഡെങ്കി ഭീഷണിയിലാണെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. തുടർച്ചയായി രണ്ടാം വർഷവും ഡെങ്കിപ്പനി കേരളത്തിന്റെ ഉറക്കം കെടുത്തുന്ന അവസ്‌ഥയിലാണ്.
രാജ്യത്ത് ഡെങ്കി ഭീഷണിയുള്ള പ്രധാന സംസ്‌ഥാനങ്ങളിൽ ഒന്നായി കേരളം മാറിയിരിക്കുകയാണ്. ഒക്‌ടോബറിൽ മാത്രം 1504 പേർക്ക് രോഗം ബാധിച്ചു. ഒരാൾ മരിച്ചു. 3767 പേർ ഡെങ്കി സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാണ്. അന്തരത്തിൽ അഞ്ചുപേരും മരിച്ചു. കഴിഞ്ഞവർഷം ഒക്‌ടോബറിലുള്ളതിനേക്കാൾ ഇരട്ടിയിലേറെയാണ് ഇത്തവണ സ്‌ഥിരീകരിച്ചത്.
2025 ഒക്‌ടോബറിൽ 655 പേർക്ക് മാത്രമാണ് ഡെങ്കി സ്‌ഥിരീകരിച്ചത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലെല്ലാം കഴിഞ്ഞദിവസം ശരാശരി 15-20 പേരെങ്കിലും ഡെങ്കി സംശയിച്ച് ചികിൽസ തേടി.
സെപ്‌തംബറിൽ 1622 പേർക്ക് സ്‌ഥിരീകരിച്ചപ്പോൾ 4278 പേർ രോഗം സംശയിക്കുന്നവരുടെ കൂട്ടത്തിൽപ്പെടുന്നുണ്ട്. ആവർഷം ആകെ 13,108 പേർക്കാണ് ഡെങ്കി പിടിപെട്ടത്. 35, 192 പേർക്ക് രോഗം സംശയിക്കുന്നു. രോഗം സ്‌ഥിരീകരിച്ച 44 പേരും സംശയിക്കുന്ന 35 പേരും മരിച്ചു.
ഡെങ്കി കണക്ക് ഇങ്ങനെ
2025ൽ
- സ്‌ഥിരീകരിച്ചത്- 10,909
- മരണം- 72
- സംശയിക്കുന്നത്- 29,060
- മരണം- 6
2026 ഒക്‌ടോബർ 30 വരെ
- സ്‌ഥിരീകരിച്ചത്- 13,108
- മരണം- 44
- സംശയിക്കുന്നത്- 35,192
- മരണം- 35
കാലാവസ്‌ഥാ വ്യതിയാനം, നഗരവൽകരണം, യാത്രകളിലെ വർധന എന്നിവ രോഗം കൂടാൻ ഇടയാക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന വർധന രോഗംപരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനത്തിന് അനുകൂലമാണ്.
എന്താണ് ഡെങ്കിപ്പനി?
ഈഡിസ് ജനുസിലെ ഈജിപ്‌തി, അൽബോപിക്‌ട്‍സ് എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണുബാധ ഉണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ





































