കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം ജോണിനെ തടഞ്ഞ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരും കോളേജ് യൂണിയൻ ഭാരവാഹികളുമായ രണ്ടുപേർക്ക് സസ്പെൻഷൻ. മഹാരാജാസ് കോളേജ് ചെയർമാൻ പ്രണിൽ രാജ്, വൈസ് ചെയർപേഴ്സൻ നഫീസത്ത് മുസ്ലിയാർ എന്നിവരെയാണ് പത്തു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.
മഹാരാജാസ് കോളേജിലുണ്ടായ പ്രശ്നത്തെ കുറിച്ച് കോളേജ് കൗൺസിൽ അന്വേഷിച്ച് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും ബാക്കി നടപടികൾ. കഴിഞ്ഞ ദിവസമാണ് ക്യാമ്പസിൽ ബിരുദാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ റോജി എം ജോണിന് നേർക്ക് പ്രതിഷേധം ഉയർന്നത്. മന്ത്രി സംസാരിക്കുന്നതിനിടയിൽ എസ്എഫ്ഐ പ്രവർത്തകർ ബാനറുകൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധം നടത്താൻ എല്ലാവർക്കും അവകാശമുണ്ടെന്നും ജനാധിപത്യപരമായ ഇത്തരം സമരങ്ങളെ താൻ സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു ആദ്യഘട്ടത്തിൽ മന്ത്രിയുടെ പ്രതികരണം. എന്നാൽ, ഇതിനുശേഷം മഹാരാജാസ് കോളേജ് വൈസ് ചെയർപേഴ്സനും മറ്റു എസ്എഫ്ഐ പ്രവർത്തകരും ചേർന്ന് മന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കുകയും വെച്ചുതന്നെ മറുപടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പരിപാടി പൂർത്തിയായതിന് ശേഷം ചോദ്യങ്ങൾക്ക് മറുപടി നൽകാമെന്ന് മന്ത്രി വ്യക്തമാക്കിയെങ്കിലും അപ്പോൾ തന്നെ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് വൈസ് ചെയർപേഴ്സൻ വേദിയിൽ കയറി. തുടർന്ന് ഗുണ്ടായിസത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കി ചടങ്ങ് പൂർത്തിയാക്കാതെ മന്ത്രി മടങ്ങുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെ കോളേജ് കൗൺസിലും അന്വേഷണം നടത്തുന്നുണ്ട്. ഇവർ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കുന്നത് അടുത്ത കൗൺസിൽ ചേർന്നായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.
Most Read| ‘അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത




































