പ്രമുഖ യുഎസ് റീട്ടെയിൽ ഭീമനായ ‘ഹോം ഡിപ്പോ’യുടെ സീനിയർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആൻ മേരി കാംബെല്ലിന്റെ തൊഴിൽ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ‘അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’ എന്നാണ് സോഷ്യൽ മീഡിയ കാംബെല്ലിന്റെ ജീവിതയാത്രയെ വിശേഷിപ്പിക്കുന്നത്.
ഒരു സ്‌ഥാപനത്തിൽ പാർട്ട് ടൈം ജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ച്, അതേ സ്‌ഥാപനത്തിന്റെ പരമോന്നത പദവികളിൽ എത്താൻ എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. അവിടെയാണ് കാംബെൽ വേറിട്ട് നിൽക്കുന്നത്. കഠിനാധ്വാനത്തിലൂടെയും പ്രതിബദ്ധതയിലൂടെയും ഉയർന്നുവന്ന ആൻ മേരി ഇന്ന് യുഎസ് റീട്ടെയിൽ മേഖലയിലെ ശക്‌തയായ വനിതയാണ്.
കരിയറിന്റെ തുടക്കം, വളർച്ച
1895ലാണ് ജമൈക്കയിൽ നിന്ന് സൗത്ത് ഫ്ളോറിഡയിലേക്ക് കുടിയേറിയ ആൻ മേരി കാംബെല്ലിന്റെ കരിയർ ആരംഭിക്കുന്നത്. ഫോർച്യുൺ മാസികയുടെ റിപ്പോർട് പ്രകാരം കോളേജ് വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തുന്നതിനായാണ് ആൻ പാർട്ട് ടൈം ജോലിയിൽ പ്രവേശിക്കാൻ തീരുമാനിക്കുന്നത്. തുടർന്ന്, ഹോം ഡിപ്പോയിൽ പാർട്ട് ടൈം കാഷ്യറായി ചേരുകയായിരുന്നു. മണിക്കൂറിന് 4.15 ഡോളറായിരുന്നു വേതനം.
തുടക്കത്തിൽ കരിയറിനെ കുറിച്ചൊന്നും ചിന്തിക്കാതെ സാമ്പത്തിക ആവശ്യങ്ങൾ മാറ്റം നിറവേറ്റാനായിരുന്നു ഈ ജോലി. എന്നാൽ, പിന്നീട് ആത്‌മാർഥമായി ജോലിയെ സ്‌നേഹിക്കാൻ തുടങ്ങി. കമ്പനിയുടെ പ്രവർത്തനങ്ങളെയും മറ്റു രീതികളെയും കുറിച്ച് കൂടുതൽ മനസിലാക്കാൻ ശ്രമിച്ചു. പിന്നീട് ഓരോഘട്ടത്തിലും ആൻ മേരി കഠിനാധ്വാനത്തിലൂടെ മുന്നേറി.
1990കളിൽ സ്‌റ്റോർ മാനേജറായും പിന്നീട് ഡിസ്‌ട്രിക്‌ട് മാനേജരായും കരിയർ ഉയർന്നു. 2000ന്റെ തുടക്കത്തോടെ കമ്പനിയുടെ കോർപ്പറേറ്റ് തലത്തിലേക്ക് അവർ ചുവടുവെച്ചു. 2016ൽ ഹോം ഡിപ്പോയുടെ യുഎസ് സ്‌റ്റോറുകളുടെ രാജ്യാന്തര പ്രവർത്തനങ്ങളുടെയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടായി അവർ നിയമിതയായി.
തുടർന്ന് 2023 നവംബറിൽ കമ്പനിയുടെ സീനിയർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പദവിയിലേക്ക് അവർ ഉയർത്തപ്പെട്ടു. നിലവിൽ പ്രതിവർഷം പത്തുലക്ഷത്തിലധികം ഡോളർ (ഏകദേശം 9.5 കോടിയിലധികം രൂപ) ശമ്പളം വാങ്ങുന്ന കാംബെൽ, കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട നയരൂപീകരണ മേധാവികളിൽ ഒരാളാണ്.
38 വർഷത്തെ സേവനം, 15ലധികം പ്രമോഷനുകൾ
38 വർഷത്തെ കമ്പനിയിലെ സേവനത്തിനിടയിൽ 15ലധികം പ്രമോഷനുകളാണ് കാംബെല്ലിനെ തേടിയെത്തിയത്. ഇത് കാംബെല്ലിന്റെ കരിയറിന്റെ വളർച്ചയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ സമ്പൂർണ ചുമതലയും നിലവിൽ ആൻമേരി കാംബെല്ലിനാണ്.
കഠിനാധ്വാനം, വ്യക്‌തിബന്ധങ്ങൾ, നിരന്തരമായ പഠനം എന്നിവയാണ് കരിയർ വിജയത്തിന് അടിത്തറയായ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളെന്ന് കാംബെൽ പറയുന്നു. പഠനം ഒരിക്കലും അവസാനിപ്പിക്കരുത്. കഠിനമായ വെല്ലുവിളികൾ ഏറ്റെടുക്കാനും പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും മടിക്കരുതെന്നും കാംബെൽ പറഞ്ഞു.
വർഷങ്ങൾ നീണ്ട കരിയർ വളർച്ച വ്യക്‌തമാക്കുന്ന കാംബെല്ലിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിന്റെ സ്‌ക്രീൻഷോട്ട് ‘അക്വയർഡ്’ എന്ന പോഡ്‌കാസ്‌റ്റ് എക്‌സിൽ പങ്കുവെച്ചതോടെയാണ് ആൻ മേരിയുടെ ജീവിതയാത്രയെ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. അടിത്തട്ടിൽ നിന്ന് കമ്പനിയുടെ കൊടുമുടിയിലെത്തിയ കാംബെല്ലിന്റെ കഥ വലിയ മാതൃകയാണെന്ന് സോഷ്യൽ മീഡിയ ഉപയോക്‌താക്കൾ അഭിപ്രായപ്പെടുന്നു.
Health| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്‌സിജൻ നിലവാരമോ?





































