തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാരുമൊത്തുള്ള മുഖ്യമന്ത്രി വിഡി സതീശന്റെ എഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇനി ഇന്ത്യയിൽ കാണാനാകില്ല. ഇന്ത്യയിലെ നിലവിലെ ഐടി നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ നടപടി.
വീഡിയോ പങ്കുവെച്ച AI കവല എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ നീക്കം ചെയ്ത വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്. കുറച്ചുസമയത്തിനകം തന്നെ 1.78 കോടി പേരാണ് ഈ അക്കൗണ്ടിലൂടെ മാത്രം വീഡിയോ കണ്ടത്.
അതേസമയം, മറ്റു രാജ്യങ്ങളിൽ വീഡിയോ കാണാൻ സാധിക്കും. പവർകട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വൻതോതിൽ വിമർശനം ഉയർന്നിരുന്നു. ഈ സമയത്താണ് കെഎസ്ഇബി ജീവനക്കാരുമൊത്തുള്ള മുഖ്യമന്ത്രിയുടെ എഐ ഡാൻസ് വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
തൃശൂർ സ്വദേശിയായ അഭിജിത്ത് ദുബായിലെ സുഹൃത്ത് അഖിലുമൊത്താണ് എഐ ഉപയോഗിച്ച് വീഡിയോ നിർമിച്ചത്. വീഡിയോ ജനം വൻതോതിൽ ഏറ്റെടുത്തിരുന്നു. നിലവിൽ മറ്റുചില സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ വീഡിയോ ഉണ്ടെങ്കിലും അവ വൈകാതെ തന്നെ ഇന്ത്യയിൽ ലഭ്യമായേക്കില്ലെന്നാണ് വിവരം.
വീഡിയോയെ കുറിച്ച് മുഖ്യമന്ത്രി വിഡി സതീശനും പ്രതികരണം നടത്തിയിരുന്നു. എഐ വീഡിയോയിൽ മോഹൻലാലിനേക്കാളും വിജയിയേക്കാളും മികച്ച രീതിയിൽ താൻ നൃത്തം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Most Read| മുട്ടയ്ക്കകത്ത് മറ്റൊരു മുട്ട! അമ്പരന്ന് വീട്ടുകാർ


































