തിരുവനന്തപുരം: സിബിഎസ്ഇ 10, 12 ക്ളാസുകളിലെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 16 ചൊവ്വാഴ്‌ചയാണ് ഇരു ക്ളാസുകളിലെയും പരീക്ഷകൾ ആരംഭിക്കുന്നത്. എല്ലാ പരീക്ഷകളും രാവിലെ 10.30നാണ് തുടങ്ങുക.
പത്താം ക്ളാസ് പരീക്ഷകൾ മാർച്ച് ഒമ്പതിന് അവസാനിക്കുമ്പോൾ 12ആം ക്ളാസ് പരീക്ഷകൾ ഏപ്രിൽ ഒമ്പത് വരെ നീളും. പ്രായോഗിക പരീക്ഷകളുടെയും ആഭ്യന്തര മൂല്യനിർണയത്തിന്റെയും സമയക്രമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബോർഡ് വാർഷിക പരീക്ഷാ തീയതികളും പുറത്തുവിട്ടത്.
2026-27 അധ്യയന വർഷത്തെ പ്രായോഗിക പരീക്ഷകളും ആഭ്യന്തര മൂല്യനിർണയവും 2027 ജനുവരി ഒന്നിന് ആരംഭിക്കും. ഇന്ത്യയിലെയും വിദേശത്തെയും സിബിഎസ്ഇ സ്‌കൂളുകൾക്ക് ഈ സമയക്രമം ബാധകമാണ്. എന്നാൽ, ശൈത്യകാലം രൂക്ഷമായ പ്രദേശങ്ങളിലെ സ്‌കൂളുകൾക്ക് പ്രത്യേക സമയക്രമമാണ് നിശ്‌ചയിച്ചിരിക്കുന്നത്. ഇത്തരം സ്‌കൂളുകളിലെ പ്രായോഗിക പരീക്ഷകൾ 2026 നവംബർ ഒമ്പത് മുതൽ ഡിസംബർ 19 വരെയാണ് നടത്തുക.
പരീക്ഷാ തീയതികളുടെ വിശദമായ ടൈംടേബിൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cbse.gov.inൽ ലഭ്യമാണ്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വെബ്‌സൈറ്റ് സന്ദർശിച്ച് തീയതികൾ പരിശോധിക്കാവുന്നതാണ്.
Most Read| ചീഫ് ജസ്‌റ്റിനെതിരെ അപകീർത്തികരമായ പോസ്‌റ്റ്; കെപിസിസി ഭാരവാഹികൾക്ക് നോട്ടീസ്



































