തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണർ സ്‌ഥാനത്ത് നിന്ന് സീറാം സാംബശിവ റാവുവിനെ മാറ്റി. സർക്കാർ അറിയാതെ ബാർ ലൈസൻസ് അനുവദിച്ചത് ഉൾപ്പടെയുള്ള വിവാദങ്ങൾക്ക് പിന്നാലെയാണ് നടപടി. എസ്‌സി/ എസ്‌ടി ഡെവലപ്പ്‌മെന്റ് ഡിപ്പാർട്ട്മെന്റ് സ്‌പെഷ്യൽ സെക്രട്ടറിയായാണ് സാംബശിവ റാവുവിന് പുതിയ നിയമനം നൽകിയിട്ടുള്ളത്.
അഡീഷണൽ എക്‌സൈസ് കമ്മീഷണർക്കാണ് എക്‌സൈസ് കമ്മീഷണറുടെ അധികച്ചുമതല നൽകിയിരിക്കുന്നത്. എക്‌സൈസ് മന്ത്രി എം ലിജുവിന് സാംബശിവ റാവുവിന്റെ നിലപാടുകളോട് കടുത്ത അതൃപ്‌തി ഉണ്ടായിരുന്നു. ഇതാണ് സ്‌ഥാനം തെറിക്കുന്നതിലേക്ക് നയിച്ചത്.
ബേക്കറികളിൽ ഹോർട്ടി വൈൻ വിൽപ്പനയ്‌ക്ക് അനുമതി നൽകിയത് മുതൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എഫ്എൽ 7 ബാർ ലൈസൻസ് നൽകിയതടക്കം വിവിധ വിവാദങ്ങളാണ് മന്ത്രിക്ക് എക്‌സൈസ് കമ്മീഷണറോടുള്ള അതൃപ്‌തിക്ക് കാരണം.
മൂന്ന് ബിയർ, വൈൻ പാർലറുകൾക്ക് ലൈസൻസ് പുതുക്കി നൽകുകയും കൊച്ചി വിമാനത്താവളത്തിൽ രണ്ട് ലൗഞ്ച് ബാർ ലൈസൻസ് അനുവദിച്ചതും വൻ വിവാദമായിരുന്നു. യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം വരുന്നതിന് മുൻപ് മന്ത്രി അറിയാതെയാണ് ഈ നടപടികളെന്ന് ചൂണ്ടിക്കാട്ടി രണ്ട് എക്‌സൈസ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
വിഷയത്തിൽ സീറാം സാംബശിവറാവു നൽകിയ റിപ്പോർട് മന്ത്രി ലിജു തള്ളിയിരുന്നു. ഇന്നലെ മന്ത്രി വിളിച്ച എക്‌സൈസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ സാംബശിവറാവു വന്നിരുന്നില്ല. മദ്യനയം വരുന്നതിന് മുൻപ് ഒരു ബാർ ലൈസൻസും അനുവദിക്കേണ്ടതില്ലെന്ന് ഓഗസ്‌റ്റിൽ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇത് മറികടന്നാണ് ബാർ ലൈസൻസുകൾ അനുവദിച്ചത്.
അതിനിടെ, സാംബശിവ റാവുവിനെ മാറ്റിയ നടപടിയിൽ പ്രതികരണവുമായി മന്ത്രി എം ലിജു രംഗത്തെത്തി. കഴിഞ്ഞ ദിവസം 35ഓളം ഉദ്യോഗസ്‌ഥൻമാർ മാറിയെന്നും ഉദ്യോഗസ്‌ഥർ മാറുന്നത് ആദ്യത്തെ സംഭവമല്ലെന്നും മന്ത്രി പറഞ്ഞു. എല്ലാം നേരത്തെ വിശദീകരിച്ചതാണ്. സർക്കാരിന്റെ നയം വ്യക്‌തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































