തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം കൈമാറി എഡിജിപി എംആർ അജിത് കുമാർ. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വകുപ്പുതല നടപടികൾ പൂർത്തീകരിച്ച് തിരിച്ചെടുക്കണമെന്നും അജിത് കുമാർ നിവേദനത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്.
സസ്പെൻഷൻ കാലാവധി മൂന്നുമാസം പിന്നിട്ട സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് അജിത് കുമാർ നിവേദനം നൽകിയിരിക്കുന്നത്. സർവീസ് കുറച്ചുനാളത്തേക്ക് മാത്രമേ ഉള്ളൂവെന്നും നടപടിക്രമങ്ങൾ വൈകുകയാണെന്നും അജിത് കുമാർ വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകർ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന വിവാദത്തിലാണ് അജിത് കുമാറിനെതിരെ നടപടിയുണ്ടായത്. ജൂലൈ 23നായിരുന്നു അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്. പിന്നാലെ സസ്പെൻഷൻ നീട്ടുകയായിരുന്നു.
അതേസമയം, അജിത് കുമാറുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണത്തിനായി ബെവ്കോ എംഡിയായ ഡിജിപി യോഗേഷ് ഗുപ്തയെ ചാർജ് ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താനാണ് നിർദ്ദേശം.
എഡിജിപി റാങ്കിലുള്ള അജിത് കുമാറിനെതിരായ അന്വേഷണത്തിന്റെ ഗൗരവം കണക്കിലെടുത്ത്, അദ്ദേഹത്തേക്കാൾ സീനിയറായ ഉദ്യോഗസ്ഥനെയാണ് സർക്കാർ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ബന്ധപ്പെട്ടവരുടെ മൊഴിയെടുപ്പും രേഖകളുടെ സൂക്ഷ്മപരിശോധനയും യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിൽ പൂർത്തിയാക്കും. അദ്ദേഹം സമർപ്പിക്കുന്ന അന്തിമ അന്വേഷണ റിപ്പോർട് അതീവ നിർണായകമാകും.
Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം





































