ന്യൂഡെൽഹി: അപ്രതീക്ഷിതമായ സ്‌ഥലംമാറ്റത്തെ തുടർന്ന് ഡെൽഹി പോലീസ് ആസ്‌ഥാനത്ത് പ്രതിഷേധിച്ച എസിപി മനസ്വി വസിഷ്‌ഠയ്‌ക്ക് സസ്‌പെൻഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. അഭിഭാഷകരും പോലീസുകാരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് കമ്മീഷണറുടെ സസ്‌പെൻഷനിലേക്ക് നയിച്ചത്.
മനസ്വി വസിഷ്‌ഠിനും സഹപ്രവർത്തകനായ ഇൻസ്‌പെക്‌ടർ അരുൺ കുമാറിനുമെതിരെ കഴിഞ്ഞമാസം വകുപ്പുതല നടപടികൾ സ്വീകരിച്ചിരുന്നു. ഒക്‌ടോബർ 23ന് ഡെൽഹിയിലെ ഷഹ്‌ദാര പോലീസ് സ്‌റ്റേഷനിൽ അഭിഭാഷകരും പോലീസുകാരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ നടപടിയുണ്ടായത്.
ഇവരുടെ സ്‌ഥലംമാറ്റം ഉത്തരവിനെ ചോദ്യം ചെയ്‌താണ് വനിതാ ഉദ്യോഗസ്‌ഥരടക്കം 150ഓളം പോലീസുകാർ തിങ്കളാഴ്‌ച പോലീസ് ആസ്‌ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചത്. മനസ്വി വസിഷ്‌ഠനും അരുൺ കുമാറിനും എതിരെയുള്ള ഈ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഇവർ, ‘യൂണിഫോമിനെ അപമാനിക്കാൻ അനുവദിക്കില്ല’ എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധിക്കുകയായിരുന്നു.
അഞ്ച് ആവശ്യങ്ങൾ അടങ്ങിയ നിവേദനം സമരക്കാർ പോലീസ് കമ്മീഷണർ അനുരാഗ് കുമാറിന് സമർപ്പിച്ചിട്ടുണ്ട്. ഷഹ്‌ദാര സംഭവത്തിൽ ഉൾപ്പെട്ട അഭിഭാഷകർക്കെതിരെ നടപടിയെടുക്കണമെന്നും പോലീസുകാരെ ആക്രമിക്കുന്ന അഭിഭാഷകർക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഉചിതവും വേഗത്തിലുള്ളതുമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് കമ്മീഷണർ ഉറപ്പ് നൽകിയതായി ഡെൽഹി പോലീസ് പ്രസ്‌താവനയിൽ അറിയിച്ചു.
Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം





































