ന്യൂഡെൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണി നേതാക്കൾ നടത്തുന്ന മോക്ക് പാർലമെന്റ് പ്രതിഷേധ പരിപാടിയുടെ പേരും രൂപവും മാറ്റി. പാർലമെന്റിനെ പരിഹസിച്ചുകൊണ്ടുള്ള പ്രതിഷേധ നടപടികൾ ഒഴിവാക്കുന്നതിനായി പരിപാടിയെ ‘ജൻ മഹാഭിയോഗ്’ (ജനകീയ കുറ്റവിചാരണ) എന്ന് പുനർനാമകരണം ചെയ്തതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
വെള്ളിയാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് ഈ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. മുൻപ് സർക്കാർ പക്ഷവും പ്രതിപക്ഷവും മുഖാമുഖം നിന്ന് പ്രസീഡിങ് ഓഫീസറുടെ സാന്നിധ്യത്തിൽ സംവാദം നടത്തുന്ന പാർലമെന്ററി മാതൃകയിലായിരുന്നു പരിപാടി ആസൂത്രണം ചെയ്തിരുന്നത്.
എന്നാൽ, ഈ രീതിയിൽ മാറ്റം വരുത്താൻ ഇന്ത്യ മുന്നണി നേതാക്കൾ ചേർന്ന യോഗത്തിൽ തീരുമാനമായി. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറിനാണ് ജനകീയ കുറ്റവിചാരണ നടപടികളുടെ ചുമതല. സമാജ്വാദി പാർട്ടിയിൽ നിന്നുള്ള ഒരു എംപി ഇവരെ സഹായിക്കും. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ, പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, ദീരേഖ് ഒബ്രിയാൻ, മഹുവാ മാജി ഉൾപ്പടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു,
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിമുതൽ വൈകീട്ട് 7.30 വരെയാണ് നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വാദങ്ങൾ ആരംഭിക്കുകയും രാഹുൽ ഗാന്ധി ഉപസംഹരിക്കുകയും ചെയ്യും. 19 രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ സംസാരിക്കും. ആകെ 30ഓളം പേർ സംസാരിക്കും.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































