ചെന്നൈ: കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിൽ ബിഎൽഎം (ഭാരത് ലജ്‌ന മൾട്ടി സ്‌റ്റേറ്റ് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി) ചെയർമാൻ ആർ. പ്രേംകുമാർ അറസ്‌റ്റിൽ. ചെന്നൈയിലെ വസതിയിൽ നിന്ന് ഇന്ന് രാവിലെയാണ് കോഴിക്കോട് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. ഇയാളെ കേരളത്തിൽ എത്തിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
2006ൽ ചെന്നൈ ആസ്‌ഥാനമായി സ്‌ഥാപിച്ച ബിഎൽഎം സൊസൈറ്റിയുടെ മറവിൽ സാധാരണക്കാരിൽ നിന്ന് പണം സ്വീകരിച്ച് സ്വകാര്യ ആവശ്യങ്ങൾക്കായി വകമാറ്റിയെന്നാണ് കേസ്. പ്രാഥമിക അന്വേഷണത്തിൽ 300 കോടിയോളം രൂപയുടെ ക്രമക്കേടുകൾ നടന്നെന്നാണ് കണ്ടെത്തിയത്. എന്നാൽ, തട്ടിപ്പിന്റെ ആകെ തുക സംബന്ധിച്ച് വ്യത്യസ്‌ത കണക്കുകളാണ് പുറത്തുവരുന്നത്. തട്ടിപ്പ് 5000 കോടി കടക്കുമെന്നാണ് പരാതിക്കാർ പറയുന്നത്.
മറുനാടൻ മലയാളിയാണ് നിരന്തര വാർത്തകളിലൂടെ വിഷയം സാമൂഹിക ശ്രദ്ധയിൽ എത്തിച്ചത്. ഏകദേശം 80 കോടിയുടെ ക്രമക്കേട് ആരോപിച്ച് നവീൻ എന്നയാൾ കോഴിക്കോട് നടക്കാവ് പൊലീസിൽ നൽകിയ പരാതിയോടെയാണ് കേസിന്റെ തുടക്കം. ഈ കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. പരാതിക്കാരൻ പിന്നീട് പരാതി പിൻവലിച്ചെങ്കിലും പ്രാഥമിക അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതോടെ അന്വേഷണം തുടരാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, ഇതിന് മുൻപ്, 2025 മാർച്ചിൽ അംഗത്വം നേടിയ മലപ്പുറം തിരൂർ സ്വദേശി അനൂപ് എന്നയാൾ, ദിവസങ്ങൾക്കകം തന്നെ ബിഎൽഎമ്മിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി മുൻപ് ഹൈക്കോടതി തള്ളിയിരുന്നതായും പറയപ്പെടുന്നു.
സൊസൈറ്റിയിൽ നിക്ഷേപിച്ച പണം ഹോട്ടലുകൾ, റിസോർട്ടുകൾ, തിയേറ്ററുകൾ എന്നിവ വാങ്ങാൻ വകമാറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തിരുവനന്തപുരത്തെ ആഡംബര ഹോട്ടൽ, തൃശൂരിലെ രാഗം തിയേറ്റർ, മൂന്നാറിലെ റിസോർട്ടുകൾ തുടങ്ങിയവ വാങ്ങാൻ ഈ പണം ഉപയോഗിച്ചതായാണ് ആരോപണം. വിവിധ കമ്പനികൾ വഴിയും പണം വകമാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.
കേസ് ചോദ്യം ചെയ്‌ത് പ്രേംകുമാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, വ്യാജ പരാതികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്‌ഥാന പോലീസ് മേധാവിക്കും കഴിഞ്ഞദിവസം ബിഎൽഎം സൊസൈറ്റി പരാതി നൽകിയിരുന്നു. പ്രചരിക്കപ്പെടുന്ന വാർത്തകളുടെ ഉറവിടവും ആധികാരികതയും പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നായിരുന്നു സൊസൈറ്റിയുടെ ആവശ്യം.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം




































