ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യം; പാക്ക് മന്ത്രിക്ക് ഇന്ത്യയിലേക്ക് ക്ഷണം

പാക്ക് സാംസ്‌കാരിക മന്ത്രി ഔറംഗസേബ് ഖാൻ ഖിച്ചിയെ ആണ് ന്യൂഡെൽഹിയിൽ നടക്കുന്ന ഷാങ്‌ഹായ്‌ സഹകരണ സംഘടനയുടെ (എസ്‌സിഒ) പ്രഥമ നാഗരികതാ സംവാദ വേദിയിലേക്ക് ഇന്ത്യ ക്ഷണിച്ചത്.

By Senior Reporter, Malabar News
India_Pakisthan_

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിനും മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിനും ശേഷം ആദ്യമായി പാക്കിസ്‌ഥാൻ മന്ത്രിക്ക് ഇന്ത്യയിലേക്ക് ക്ഷണം. പാക്ക് സാംസ്‌കാരിക മന്ത്രി ഔറംഗസേബ് ഖാൻ ഖിച്ചിയെ ആണ് ന്യൂഡെൽഹിയിൽ നടക്കുന്ന ഷാങ്‌ഹായ്‌ സഹകരണ സംഘടനയുടെ (എസ്‌സിഒ) പ്രഥമ നാഗരികതാ സംവാദ വേദിയിലേക്ക് ഇന്ത്യ ക്ഷണിച്ചത്.

നവംബർ 20 മുതൽ 22 വരെയാണ് പരിപാടി. എസ്‌സിഒയിലെ പത്ത് അംഗരാജ്യങ്ങൾക്കും ഇന്ത്യ ക്ഷണം നൽകിയതായി നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. റഷ്യ, ചൈന, ഇറാൻ, ബെലാറസ് എന്നീ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. പാക്കിസ്‌ഥാൻ ക്ഷണം സ്വീകരിച്ചിട്ടുണ്ടോ? മന്ത്രിക്ക് പകരം പ്രതിനിധിയെ അയക്കുമോ? എന്നീ കാര്യങ്ങളിളൊന്നും ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

2023ൽ പാക്ക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയാണ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. അന്ന് ഗോവയിൽ നടന്ന എസ്‌സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ഭൂട്ടോ എത്തിയത്. 2024 മെയിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ആരംഭിച്ച സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ-പാക്ക് ബന്ധം വഷളായിരുന്നു.

ഒക്‌ടോബറിൽ താജിക്കിസ്‌ഥാനിലെ ദുഷാൻബെയിൽ നടന്ന എസ്‌സിഒ ഗവ. തലവൻമാരുടെ കൗൺസിൽ യോഗത്തിലാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് നാഗരികതാ സംവാദ വേദി പ്രഖ്യാപിച്ചത്. വർഷാവസാനത്തോടെ ഇന്ത്യ ആദ്യ എസ്‌സിഒ നാഗരികതാ സംവാദ വേദിക്ക് ആതിഥേയത്വം വഹിക്കുമെന്നും എല്ലാ അംഗരാജ്യങ്ങളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.

അംഗരാജ്യങ്ങൾ തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്‌തിപ്പെടുത്തുകയും പരസ്‌പര ധാരണയും സഹകരണവും വർധിപ്പിക്കുകയുമാണ് വേദിയുടെ ലക്ഷ്യം. ബെലാറസ്, ചൈന, ഇന്ത്യ, ഇറാൻ, കസാഖിസ്‌ഥാൻ, കിർഗിസ്‌ഥാൻ, റഷ്യ, താജിക്കിസ്‌ഥാൻ, ഉസ്ബക്കിസ്‌ഥാൻ, പാക്കിസ്‌ഥാൻ എന്നീ പത്ത് രാജ്യങ്ങളാണ് എസ്‌സിഒയിലെ അംഗങ്ങൾ.

Most Read| ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE