കൊച്ചി: പ്രിയദർശിനി പദ്ധതി മൂലം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. നവംബർ മൂന്നുമുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തു. ബസ് ഉടമ സംയുക്ത സമിതിയുടേതാണ് തീരുമാനം.
ഒക്ടോബർ ആറിന് ഗതാഗതമന്ത്രിയുമായി വിഷയം ചർച്ച ചെയ്തെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് കടക്കുന്നതെന്ന് ബസുടമകൾ പറഞ്ഞു. സ്വകാര്യ ബസ് മേഖലയുടെ നഷ്ടം പരിഹരിക്കുന്നതിനായി സെപ്തംബർ രണ്ടിന് സർക്കാർ കമ്മീഷനെ നിയമിച്ചിരുന്നു.
എന്നാൽ, കമ്മീഷൻ സമർപ്പിച്ച നിർദ്ദേശങ്ങളൊന്നും നടപ്പിലാക്കാൻ സർക്കാർ തയായറായിട്ടില്ലെന്ന് ബസുടമകൾ ആരോപിക്കുന്നു. നിലവിലെ ഗതാഗത മന്ത്രി കെഎസ്ആർടിസിക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സ്വകാര്യ ബസ് വ്യവസായത്തെ പൂർണമായി തകർക്കുന്ന സമീപമാണ് സ്വീകരിക്കുന്നതെന്നും സംയുക്ത കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തിൽ മറ്റു വഴിയില്ലാതെയാണ് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുന്നതെന്നും ബസുടമകൾ വ്യക്തമാക്കി. ഇന്ന് മുതൽ ബസുടമകൾ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുകയാണ്. മിനിമം ചാർജ് 15 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഓരോ ദിവസവും രണ്ടുപേർ വീതം നിരാഹാരസമരം ഇരിക്കാനാണ് തീരുമാനം.
Most Read| ജനിച്ചപ്പോൾ തന്നെ താടിയും മീശയും; അമ്പരന്ന് സോഷ്യൽ മീഡിയ!





































