വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി ആന്ധ്രാപ്രദേശ് ലക്ഷ്യമാക്കി നീങ്ങുന്നു. ആന്ധ്രാപ്രദേശിലും ഒഡീഷയിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാറ്റ് ശക്‌തി പ്രാപിച്ചു തുടങ്ങിയതോടെ ആന്ധ്രാ തീരത്ത് കടൽ പ്രക്ഷുബ്‌ധമായി. ഒഡീഷയിൽ മഴ കനത്തു.
കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലാണ് അർണബ് പടിഞ്ഞാറൻ തീരത്തേക്ക് നീങ്ങുന്നത്. നാളെ ഉച്ചയ്‌ക്ക് മുമ്പായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്‌ലയ്‌ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്ത് കരതൊടുമെന്നാണ് നിഗമനം. കര തൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വേഗതയിലുള്ള ശക്‌തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.
നിലവിൽ ആന്ധ്രാ, തെലങ്കാന, ഒഡീഷ സംസ്‌ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആന്ധ്രായിലെ 11 ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ആന്ധ്രായിലെ കാക്കിനടയിൽ നിന്ന് 89,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് ഇന്നും നാളെയുമായി 53 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി സൗത്ത് കോസ്‌റ്റ് റെയിൽവേ അറിയിച്ചു.
വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെയും അർണബ് ബാധിച്ചേക്കാമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്, മോശം കാലാവസ്‌ഥ കണക്കിലെടുത്ത് ആൻഡമാനിലും ഒഡീഷയുടെ ചില ഭാഗങ്ങളിലും സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.
ഇന്ന് വൈകീട്ട് മുതൽ നാളെ വൈകീട്ട് വരെ വടക്കൻ തമിഴ്‌നാട് തീരത്തും അതിനോട് ചേർന്ന പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്.
തുടർന്ന് കാറ്റിന്റെ വേഗത കുറയും, നാളെ പുലർച്ചെ മുതൽ തെക്കൻ ഒഡീഷയിലെ ഗഞ്ചം, ഗജപതി, റായഗഡ, കൊരാപുട്ട്, മൽക്കാൻഗിരി ജില്ലകളിലും ഛത്തീസ്‌ഗഡിലെ സുക്‌മ, ദന്തേവാഡ, ബിജാപൂർ, ബസ്‌തർ ജില്ലകളിലും വടക്കുകിഴക്കൻ തെലങ്കാനയിലും മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേരളത്തിലും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
Most Read| 60,000 ജീവനക്കാരെ ഒഴിവാക്കാൻ മൈക്രോസോഫ്റ്റ്; ഇന്ത്യയിൽ നിക്ഷേപം തുടരും




































