ലഖ്‌നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച് അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധി കുറ്റവിമുക്‌തൻ. ഉത്തർപ്രദേശിലെ സുൽത്താൻപുർ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
2018ൽ കർണാടകയിലെ തിരഞ്ഞെടുപ്പിനിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമർശമാണ് കേസിനാധാരം. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന വിജയ് മിശ്ര നൽകിയ പരാതിയിലാണ് സുൽത്താൻപുരിലെ എംപി/എംഎൽഎ പ്രത്യേക കോടതി കേസെടുത്തത്.
അതേസമയം, ഇന്ന് കേസിൽ വിധി കേൾക്കാനായി കോടതിയിലേക്ക് പോകുംവഴി രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു. ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടം. യുപിയിലെ പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേയിലാണ് അപകടമുണ്ടായത്. രാഹുലിന് പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.
അഞ്ച് വാഹനങ്ങളാണ് രാഹുലിന്റെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്. ഇതിൽ മുന്നിൽ പോയിരുന്ന് വാഹനം ഒരു ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനം ബ്രേക്കിട്ടതോടെ പിന്നാലെ വന്ന വാഹനങ്ങളും ഇതിലേക്ക് ഇടിച്ച് കൂട്ടയിടിയായി മാറുകയായിരുന്നു. വാഹനങ്ങളിൽ ഉണ്ടായിരുന്ന പാർട്ടി പ്രവർത്തകർക്കും രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്‌ഥർക്കും പരിക്കേറ്റിട്ടുണ്ട്.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!



































