കോഴിക്കോട്: അപൂർവമായി ഇന്ത്യയിലെത്തുന്ന ദേശാടനപക്ഷിയായ ഇളംപാറക്കുരുവിയെ (Pale Rockfinch) കോഴിക്കോട് കാപ്പാട് കടപ്പുറത്ത് കണ്ടെത്തി. ജില്ലയിൽ ആദ്യമായാണ് നിരീക്ഷകൾ ഈ കുരുവിയെ കാണുന്നത്. കേരളത്തിൽ ഇത് നാലാം തവണയാണ് എത്തുന്നത്.
കോഴിക്കോട് സ്വദേശികളായ പക്ഷിനിരീക്ഷക എംസി അനീഷും ഭാര്യ വിനീതയുമാണ് കാപ്പാട് കടപ്പുറത്ത് പക്ഷിയെ കണ്ടെത്തിയത്. ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും വരണ്ട മലമ്പ്രദേശങ്ങളാണ് ഇളംപാറക്കുരുവിയുടെ പ്രധാന ആവാസ മേഖല. വേനൽക്കാലത്ത് തുർക്കി, അർമേനിയ, ഇറാൻ, തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ വരണ്ട പാറക്കെട്ടുകൾ നിറഞ്ഞ മലനിരകളിലാണ് ഇവ പ്രധാനമായും പ്രജനനം നടത്തുന്നത്.
പ്രജനനകാലം കഴിഞ്ഞാൽ ഇവ ദേശാടനത്തിന് പുറപ്പെടും. ഇന്ത്യയിലേക്ക് ഇവ സാധാരണയായി എത്താറില്ല. എന്നാൽ, വഴിതെറ്റിയെത്തുന്ന അതിഥി പക്ഷികളായി രാജ്യത്ത് അപൂർവമായി ഇവരെ രേഖപ്പെടുത്താറുണ്ട്. കേരളത്തിൽ ഇളംപാറക്കുരുവിയുടെ സാന്നിധ്യം ആദ്യമായി രേഖപ്പെടുത്തിയത് 2019 ഒക്ടോബറിലാണ്. കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിലാണ് പക്ഷിയെ കണ്ടെത്തിയത്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































