തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് സംസ്‌ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കാൻ ശുപാർശ ചെയ്‌തുള്ള ഫയൽ മുഖ്യമന്ത്രി വിഡി. സതീശൻ ആഭ്യന്തര വകുപ്പിന് കൈമാറി.
മുതിർന്ന ഉദ്യോഗസ്‌ഥനായിരിക്കും അന്വേഷണത്തിന്റെ ചുമതല നൽകുക. കരാറുകൾ മുതൽ മുഴുവൻ സാമ്പത്തിക ഇടപാടുകളും സംഘം വിശദമായി പരിശോധിക്കും. റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലാണ് ഇപ്പോൾ സർക്കാരിന്റെ കർശന നടപടി.
മെസ്സിയെയും ടീമിനെയും കേരളത്തിലേക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അർജന്റീനിയൻ ഫുട്‍ബോൾ അസോസിയേഷനുമായി നടത്തിയ സാമ്പത്തിക കരാറുകൾ, പണം കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക കണ്ടെത്തൽ. ജിഎസ്‌ടി വെട്ടിപ്പ് ഉൾപ്പടെയുള്ള പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു.
ഇതിന് പുറമെ വിദേശ നാണയ വിനിമയച്ചട്ടം ചുമത്താൻ പര്യാപ്‌തമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന നിയമോപദേശവും സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. സർക്കാർ സംവിധാനങ്ങളെ അടക്കം മറയാക്കിയാണ് വലിയ രീതിയിലുള്ള തട്ടിപ്പ് നടന്നതെന്നാണ് പുറത്തുവരുന്ന വിവരം.
സർക്കാരിന് എന്തെങ്കിലും തരത്തിൽ സാമ്പത്തിക നഷ്‌ടം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പ്രത്യേകം പരിശോധിക്കും. കരാറിലെ വീഴ്‌ചകൾ, പണമിടപാടുകളിലെ സുതാര്യതയില്ലായ്‌മ, നികുതി വെട്ടിപ്പ് തുടങ്ങി പ്രഖ്യാപനം മുതലുള്ള എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കും. സൈബർ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്‌ധരെ ഉൾപ്പെടുത്തിയാകും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക.
Most Read| ചുണ്ടിന് ഓറഞ്ച് നിറം; കോംഗോ വനത്തിൽ അപൂർവയിനം കുരങ്ങനെ കണ്ടെത്തി



































