കുരങ്ങുകളെ നാം കണ്ടിട്ടുണ്ട്, എന്നാൽ ഓറഞ്ച് ചുണ്ടുകളുള്ള കുരങ്ങുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലെ മഴക്കാടുകളിലാണ് അപൂർവയിനം കുരങ്ങിനെ കണ്ടെത്തിയത്. കഴിഞ്ഞ 75 വർഷത്തിനിടെ ആഫ്രിക്കയിൽ കണ്ടെത്തുന്ന അഞ്ചാമത്തെ പുതിയ കുരങ്ങുവർഗം ആണിത്.
പ്രാദേശികമായി ‘ലിക്കേലി’ എന്ന് വിളിക്കപ്പെടുന്ന ഈ ജീവിക്ക് ‘കൊളോബാസ് കോംഗോയെൻസിസ്’ എന്നാണ് ശാസ്‌ത്രീയ നാമം. തിളങ്ങുന്ന കറുത്ത രോമവും വായയും മൂക്കിനും ചുറ്റുമുള്ള ഓറഞ്ച് കലർന്ന ക്രീം നിറത്തിലുള്ള അടയാളങ്ങളുമാണ് ലിക്കേലിയുടെ പ്രധാന ആകർഷണം. ഇത് കണ്ടാൽ ഓറഞ്ച് നിറമുള്ള ചുണ്ടുകളാണെന്ന് തോന്നും.
ചാരനിറത്തിലുള്ള കവിളെല്ലുകളും നീണ്ട വാലും വാലിനടിയിലെ വെളുത്ത അടയാളവും ഇതിന്റെ മറ്റു പ്രത്യേകതകളാണ്. പ്രായപൂർത്തിയാകാത്ത കുരങ്ങുകൾക്ക് ഒരു ചെറിയ നായയുടെ വലിപ്പമുണ്ടാകും. ഏകദേശം ഏഴ് കിലോഗ്രാം ഭാരം വരും. ഇവയുടെ ശബ്‌ദത്തിനും പ്രത്യേകതയുണ്ട്. അലർച്ചയും കൂർക്കംവലിയും കലർന്ന ഗാംഭീര്യമുള്ള ശബ്‌ദമാണ് ഇവ പുറപ്പെടുവിക്കുന്നത്.
നാട്ടുകാർക്ക് ഈ കുരങ്ങനെക്കുറിച്ച് നേരത്തെ അറിവ് ഉണ്ടായിരുന്നെങ്കിലും ശാസ്‌ത്രലോകത്തിന് ഇത് അജ്‌ഞാതമായിരുന്നു. 2008ൽ പരിസ്‌ഥിതി പ്രവർത്തകർ ഈ നിഗൂഢ കുരങ്ങന്റെ ചിത്രം പകർത്തിയെങ്കിലും വ്യക്‌തമല്ലാത്തതിനാൽ തിരിച്ചറിയാനായില്ല. 2018ൽ വീണ്ടും ഇതിനെ കണ്ടതോടെയാണ് ശാസ്‌ത്രജ്‌ഞർ വിശദമായ ഗവേഷണം തുടങ്ങിയത്.
ആയിരക്കണക്കിന് കിലോമീറ്റർ വന സർവേ, കുരങ്ങുകളുടെ ശബ്‌ദം റെക്കോർഡ് ചെയ്യൽ, ഡിഎൻഎ പരിശോധന എന്നിവ ഇതിന്റെ ഭാഗമായിരുന്നു. 2028നും 2022നും ഇടയിൽ ലൊമാമി നാഷണൽ പാർക്കിനകത്തും പുറത്തുമായി നൂറിലധികം തവണ ഗവേഷകർ ഇതിനെ നേരിൽക്കണ്ടു. ലിക്കേലി ഒരു പുതിയ ഇനം കുരങ്ങു തന്നെയാണെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഇതോടെ അവർക്ക് ലഭിച്ചു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































