‘ഭൂതകാലം’, ‘ഭ്രമയുഗം’, ‘ഡീയസ് ഈറെ’ എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ പാക്കപ്പ് വിവരങ്ങൾ പുറത്തുവന്നതോടെ കാത്തിരിപ്പിലാണ് പ്രേക്ഷകർ.
സെപ്തംബർ 14ന് ആരംഭിച്ച സിനിമ ഏകദേശം രണ്ടുമാസം നീണ്ടുനിന്ന ചിത്രീകരണത്തിന് ശേഷമാണ് പാക്കപ്പ് ആയത്. കരൺ ജോഹറിന്റെ നിർമാണക്കമ്പനിയായ ധർമ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് സിനിമയുടെ നിർമാണം. ധർമ പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള സംരംഭം കൂടിയാണ് ഈ സിനിമ.
പൃഥ്വിരാജിന് പത്തുദിവസത്തെ ചിത്രീകരണം മാത്രമാണ് സിനിമയിൽ ഉണ്ടായത്. മഞ്ജു വാര്യർക്ക് 15 ദിവസവും. വിഎഫ്എക്സിന് ഏറെ പ്രാധാന്യം നൽകുന്ന പ്രോജക്ട് കൂടിയാണിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഹൊറർ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. രാഹുലിന്റേത് തന്നെയാണ് തിരക്കഥ. ‘സത്യവും മായയും തമ്മിലുള്ള യുദ്ധം’ എന്നതാണ് സിനിമയുടെ ടാഗ്ലൈൻ. ക്രിസ്റ്റോ സേവ്യറാണ് സംഗീതം. ടിഡി രാമകൃഷ്ണന്റേതാണ് സംഭാഷണം.
മോഹൻലാൽ നായകനായി ഇതിന് മുൻപ് ‘ഒടിയൻ’ എന്ന സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ഹരികൃഷ്ണൻ തിരക്കഥ എഴുതിയ സിനിമ ശ്രീകുമാർ മേനോൻ ആയിരുന്നു സംവിധാനം ചെയ്തത്. 2018ൽ പുറത്തിറങ്ങിയ സിനിമയിൽ മഞ്ജു വാര്യർ തന്നെയായിരുന്നു നായിക. കല്യാണി പ്രിയദർശൻ നായികയായെത്തിയ ‘ലോക’ സിനിമയിലും ഒടിയൻ എന്ന കഥാപത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ദുൽഖർ സൽമാനാണ് ഒടിയനായി എത്തിയത്.
Most Read| ‘അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത




































