കാഴ്‌ചയിൽ വൃത്തിയായി തോന്നുന്ന കിടക്ക യഥാർഥത്തിൽ വൃത്തിയായിരിക്കണമെന്നില്ല. ശരീരത്തിൽനിന്നുള്ള വിയർപ്പ്, എണ്ണ, മൃതചർമ്മകോശങ്ങൾ, പൊടി, വിവിധ അലർജികൾക്ക് കാരണമാകുന്ന ബാക്‌ടീരിയകൾ എന്നിവ അടിഞ്ഞുകൂടുന്ന സ്‌ഥലമാണ് നമ്മുടെ മെത്തയും ബന്ധപ്പട്ട പുതുപ്പും തലയിണക്കവറും. ഇവ വൃത്തിയായി ഉപയോഗിച്ചില്ലെങ്കിൽ ദീർഘകാല ശ്വാസകോശ, മൂക്ക്, കണ്ണ്, ചർമ്മ പ്രശ്‌നങ്ങൾ വഷളാക്കുന്ന രോഗങ്ങളായി മാറാം.
ഒരു മനുഷ്യൻ ജീവിതത്തിന്റെ ഏകദേശം മൂന്നിലൊന്ന് സമയം ഉറക്കത്തിനായി ചെലവഴിക്കുന്നു. അതായത് വീട്ടിൽ ശരീരം ഏറ്റവും കൂടുതൽ സമയം തുടർച്ചയായി സമ്പർക്കത്തിലിരിക്കുന്ന വസ്‌തുക്കളിൽ ബെഡ്‌ഷീറ്റും തലയിണ കവറും പുതപ്പും മെത്തയും ഉൾപ്പെടുന്നു എന്നതാണ് യാഥാർഥ്യം.
എന്നാൽ കിടപ്പുമുറിയുടെ ശുചിത്വത്തെക്കുറിച്ചുള്ള നമ്മുടെ പൊതുധാരണ പലപ്പോഴും കണ്ണുകൊണ്ട് കാണുന്നതിൽ അവസാനിക്കുന്നു. കറയില്ല, ദുർഗന്ധമില്ല, പൊടി കാണുന്നില്ല എന്നതുകൊണ്ട് മാത്രം പുതപ്പും തലയിണക്കവറും മെത്തയും ശുചിത്വമുള്ളതല്ല. നമ്മുടെ കണ്ണുകൊണ്ട് കാണാനാകാത്ത അനേകായിരം ചെറുജീവികളും ദശലക്ഷണക്കണക്കിന് ബാക്‌ടീരിയകളും ഇവയിലുണ്ട്.
കിടക്കയിൽ രാത്രികൾ അവശേഷിക്കുന്നത്
ഉറങ്ങുമ്പോൾ നമ്മുടെ ശരീരം കിടക്കയുമായി മണിക്കൂറുകളോളം നേരിട്ട് സമ്പർക്കത്തിലായിരിക്കും. ഈ സമയത്ത് ശരീരത്തിൽനിന്നുള്ള വിയർപ്പ്, മൃതചർമ്മകോശങ്ങൾ തുടങ്ങിയ ജൈവാവശിഷ്‌ടങ്ങൾ പുതപ്പിലേക്കും തലയിണയിലേക്കും എത്തുന്നു.
ഇതിനൊപ്പം മുറിയിലെ പൊടി, അന്തരീക്ഷത്തിൽ നിന്നള്ള ബാക്‌ടീരിയകൾ, മുടിയിലും വസ്‌ത്രങ്ങളിലും നിന്നുള്ള അഴുക്കുകൾ, വളർത്തുമൃഗങ്ങളുണ്ടെങ്കിൽ അവയിൽനിന്നുള്ള രോഗാണുക്കളും ബാക്‌ടീരിയകളും ഇവയിൽ അടിഞ്ഞുകൂടാം.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് മനുഷ്യർ നിരന്തരം പൊഴിക്കുന്ന, സൂക്ഷ്‌മദർശിനിയിലൂടെ മാത്രം കാണാൻ കഴിയുന്ന ചർമ്മത്തിലെ ചെതുമ്പലുകൾ അഥവാ കോശങ്ങൾ. ഇവ ബാക്‌ടീരിയകളുടെ ഏറ്റവും അനുയോജ്യമായ ഭക്ഷണസ്രോതസാണ്. ഇതുകൊണ്ടാണ് പുതുപ്പും ബന്ധപ്പെട്ട വസ്‌തുവകകളും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അപകട കാരണമാകാമെന്ന് ശാസ്‌ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
കടിക്കുന്ന ജീവിയല്ല, പക്ഷേ അത് അലർജി ഉണ്ടാക്കും
മെത്തയിലും പുതപ്പിലും തലയണിയിലുമുള്ള ബാക്‌ടീരിയകൾ മനുഷ്യരെ കടിച്ചോ രക്‌തെ കുടിച്ചോ രോഗം പരത്തുന്ന ജീവികളല്ല. ആരോഗ്യപ്രശ്‌നത്തിന്റെ പ്രധാന കാരണം അവയുടെ ശരീരഘടകങ്ങളിലും വിസർജ്യങ്ങളിലും അടങ്ങിയിരിക്കുന്ന മറ്റുകാര്യങ്ങളാണ്. എന്നാൽ എല്ലാവരിലും പെട്ടന്ന് പ്രകടമാകുന്ന ആരോഗ്യപ്രശ്‌നം സൃഷ്‌ടിക്കണമെന്നില്ല. എന്നാൽ ചിലരിൽ പുതിയതരം അലർജികൾ ഉണ്ടാക്കുകയോ നിലവിലുള്ള രോഗാവസ്‌ഥകൾ വഷളാക്കുകയോ ചെയ്യാം.
തുടരുന്ന ‘ജലദോഷം’ അലർജി ആയിരിക്കാം
ചിലരിൽ കാണുന്ന ഇടക്കിടെയുള്ള ജലദോഷം, മൂക്കൊലിപ്പ്, തുമ്മൽ അല്ലങ്കിൽ ഇവ മൂന്നും ചേർന്നോ അല്ലെങ്കിൽ രണ്ടും ചേർന്നോ ഉണ്ടാകുന്ന അസ്വസ്‌ഥതകൾ തലയിണയിൽ നിന്നോ പുതപ്പിൽനിന്നോ ഉണ്ടാകുന്ന അലർജിക്ക് കാരണമാകുന്ന ബാക്‌ടീരിയകൾ / പൊടിച്ചെള്ളുകൾ കാരണമാകാം. തുടർച്ചയായ തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, മൂക്കിലും തൊണ്ടയിലും ചൊറിച്ചിൽ, കണ്ണ് ചുവക്കൽ, കണ്ണിൽ ചൊറിച്ചിൽ, കണ്ണുനീർ, തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാം. പലപ്പോഴും ഇവയെല്ലാം സാധാരണ ജലദോഷവുമായി തെറ്റിദ്ധരിക്കാൻ എളുപ്പമാണ്.

പ്രത്യേകിച്ച് ഉറക്കമുണർന്ന ഉടനെ തുമ്മലും മൂക്കടപ്പും ശക്‌തമാകുന്നവർ മൂന്നോ നാലോദിവസം കൂടുമ്പോൾ പുതപ്പും തലയിണക്കവറും മാറ്റിയാൽ രോഗസ്‌ഥക്ക് മാറ്റം കാണാറുണ്ട്. അലർജിക് റൈനൈറ്റിസ് എന്ന രോഗാവസ്‌ഥ ഉള്ളവരുടെ കിടപ്പുമുറിയിൽ പൊടിച്ചെള്ളുകളുടെ സാന്നിധ്യം കുറയ്‌ക്കുന്നതിനുള്ള ശുചീകരണവും മറ്റ് പരിസ്‌ഥിതി നിയന്ത്രണങ്ങളും നടപ്പാക്കിയപ്പോൾ, പൊടിച്ചെള്ളുകളുടെ അളവ് കുറയുന്നതിനൊപ്പം തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, മൂക്കിലെ ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി പഠനങ്ങൾ വ്യക്‌തമാക്കുന്നുണ്ട്.
ആസ്‌ത്‌മ ഉള്ളവർ ഗൗരവമായി പരിഗണിക്കുക
ബെഡ്റൂമിലെ പൊടിച്ചെള്ളുകളോടും അവയുടെ അവശിഷ്‌ടങ്ങളോടും അലർജി പ്രതികരണമുള്ള ആസ്‌ത്‌മ രോഗികൾ അവയുമായി തുടർച്ചയായി സമ്പർക്കത്തിലാകുമ്പോൾ ചുമ, ശ്വാസംവലിക്കുമ്പോൾ വിസിൽ പോലുള്ള ശബ്‌ദം, നെഞ്ചിൽ മുറുക്കം, ശ്വാസംമുട്ടൽ, രാത്രിയിൽ ശക്‌തമാകുന്ന ആസ്‌ത്‌മ ലക്ഷണങ്ങൾ തുടങ്ങിയവ വർധിക്കാം.
ഇവിടെയാണ് കിടക്കവിരികൾക്കും തലയണകൾക്കും പുതപ്പുകൾക്കും മെത്തകൾക്കും പ്രത്യേക പ്രാധാന്യം ലഭിക്കുന്നത്. പൊടിച്ചെള്ളുകളും അവയിൽനിന്നുള്ള അലർജിയുണ്ടാക്കുന്ന സൂക്ഷ്‌മഘടകങ്ങളും മെത്ത, തലയണ, പുതപ്പ് തുടങ്ങിയവയിൽ അടിഞ്ഞുകൂടാം. ഉറങ്ങുമ്പോൾ മണിക്കൂറുകളോളം ഇവയുമായി വളരെ അടുത്ത സമ്പർക്കം ഉണ്ടാകുന്നതിനാൽ അലർജിയുള്ളവരിൽ അപകടം കൂടും. കിടക്ക വിരിക്കുമ്പോഴും തട്ടിക്കുടയുമ്പോഴും ഇത്തരം സൂക്ഷ്‌മകണങ്ങൾ വായുവിലേക്ക് ഉയരാനുള്ള സാധ്യതയുമുണ്ട്.
പൊടിച്ചെള്ളുകളോട് അലർജിയുള്ള ആസ്‌ത്‌മ രോഗികളിൽ നടത്തിയ ചില വൈദ്യശാസ്‌ത്ര പഠനങ്ങൾ, കിടക്കയിലും കിടപ്പുമുറിയിലും പൊടിച്ചെള്ളുകളിൽ നിന്നുള്ള അലർജി ഘടകങ്ങളുടെ സാന്നിധ്യം നിയന്ത്രിക്കുന്നത് രോഗലക്ഷണങ്ങളുടെ ചില ഘടകങ്ങളിൽ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ പൊടിച്ചെള്ളുകളുടെ സാന്നിധ്യം കുറച്ചാൽ എല്ലാ ആസ്‌ത്‌മ രോഗികളുടെയും രോഗലക്ഷണങ്ങൾ നിർബന്ധമായും കുറയുമെന്ന് നിലവിലുള്ള ശാസ്‌ത്രീയ തെളിവുകൾ പറയുന്നില്ല. കിടക്കയിലെയും ബന്ധപ്പെട്ട വസ്‌തുക്കളിലെയും അലർജി ഘടകങ്ങളുടെ അളവ് ഗണ്യമായി കുറയ്‌ക്കാൻ കഴിഞ്ഞാൽ രോഗികളിൽ പൂർണമായ മാറ്റം ഉണ്ടായില്ലെങ്കിലും നല്ലമാറ്റങ്ങൾ കാണാൻ സാധിക്കും. അതേസമയം പൊടിച്ചെള്ളുകൾ കടക്കാത്ത പ്രത്യേക മെത്തക്കവറോ തലയണ കവറോ ഉപയോഗിക്കുന്നതോ, ബെഡ്‌ഷീറ്റ് പതിവായി കഴുകുന്നതോ മാത്രം ആസ്‌ത്‌മയ്‌ക്കുള്ള ചികിൽസയായി കാണരുത്.
ആസ്‌ത്‌മയ്‌ക്ക് പാരമ്പര്യം, പ്രതിരോധവ്യവസ്‌ഥയുടെ പ്രതികരണം, വായുമലിനീകരണം, പുക, പൊടി, പൂമ്പൊടി, വളർത്തുമൃഗങ്ങളിൽ നിന്നുള്ള അലർജി ഘടകങ്ങൾ, ശ്വാസകോശ അണുബാധകൾ, കാലാവസ്‌ഥ തുടങ്ങിയ നിരവധി ഘടകങ്ങളും കാരണമാകും. അതുകൊണ്ട് കിടക്കയുടെയും കിടപ്പുമുറിയുടെയും ശുചിത്വം ആസ്‌ത്‌മയ്‌ക്കുള്ള ചികിൽസയ്‌ക്ക് പകരമല്ല. പൊടിച്ചെള്ളുകളോട് അലർജിയുള്ളവരിൽ അവയുമായുള്ള സമ്പർക്കം കുറയ്‌ക്കുന്നതിനുള്ള സമഗ്രമായ പ്രതിരോധ നടപടികളുടെ ഒരു ഭാഗമായാണ് അതിനെ കാണേണ്ടത്.
ചർമ്മവും കിടക്കയും തമ്മിലുള്ള ബന്ധം
മുഖം, കഴുത്ത്, ശരീരത്തിന്റെ വലിയൊരു ഭാഗം ദിവസേന മണിക്കൂറുകളോളം കിടക്കവിരി, തലയണ കവർ, പുതപ്പ് എന്നിവയുമായി നേരിട്ട് സമ്പർക്കത്തിലായിരിക്കും. അതിനാൽ അതിസൂക്ഷ്‌മ ചർമ്മമുള്ളവരും അറ്റോപിക് ഡെർമറ്റൈറ്റിസ് അഥവാ എക്‌സിമ ഉള്ളവരും കിടക്കയുടെ ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്.

പൊടിച്ചെള്ളുകളോടുള്ള അലർജി പ്രതികരണം ആസ്‌ത്‌മ, അലർജിക് റൈനൈറ്റിസ് എന്നിവയ്‌ക്കൊപ്പം ചില എക്‌സിമ രോഗികളിലും കാണപ്പെടുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിനർഥം, കഴുകാത്ത ബെഡ്‌ഷീറ്റാണ് അല്ലങ്കിൽ തലയിണയാണ് എക്‌സിമയ്‌ക്കോ മുഖക്കുരുവിനോ ഏക കാരണം എന്ന് പറയുന്നത് ശാസ്‌ത്രീയമായി ശരിയല്ല. പാരമ്പര്യം, പ്രതിരോധവ്യവസ്‌ഥയുടെ പ്രതികരണം, ഹോർമോണുകൾ, മറ്റു ഘടകങ്ങൾ എന്നിവയും ഇത്തരം പ്രശ്‌നങ്ങളിൽ പങ്കുവഹിക്കുന്നുണ്ട്.
അതേസമയം വിയർപ്പ്, ശരീരത്തിലെ എണ്ണ, മൃതചർമ്മകോശങ്ങൾ, പൊടി, അലർജി സൃഷ്‌ടിക്കുന്ന സൂക്ഷ്‌മഘടകങ്ങൾ എന്നിവ അടിഞ്ഞുകൂടിയ കിടക്കവിരികളും തലയണ കവറുകളും അതിസൂക്ഷ്‌മ ചർമ്മമുള്ളവരിൽ ചൊറിച്ചിൽ, ചുവപ്പ്, അസ്വസ്‌ഥത, ചർമ്മത്തിൽ കരിച്ചിൽ, നിലവിലുള്ള എക്‌സിമയോ ഡെർമറ്റൈറ്റിസോ വഷളാകൽ, ചിലരിൽ മുഖക്കുരു വർധിക്കൽ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് സഹായകമായ ഘടകമായി മാറുമെന്ന് അനേകം ശാസ്‌ത്രീയ പഠനങ്ങൾ അടിവരയിടുന്നുണ്ട്.
തലയിണക്കവർ കൂടുതൽ ശ്രദ്ധിക്കണം?
അടിവസ്‌ത്രം ദിവസവും മാറ്റുന്നത് അടിസ്‌ഥാനപരമായ വ്യക്‌തിശുചിത്വത്തിന്റെ ഭാഗമാണെന്ന് നമുക്കറിയാം. വിയർപ്പ്, ഈർപ്പം, ചർമ്മത്തിലെ എണ്ണമയം, മൂത്രത്തിന്റെയും മലത്തിന്റെയും സൂക്ഷ്‌മാവശിഷ്‌ടങ്ങൾ, ജനനേന്ദ്രിയ സ്രവങ്ങൾ എന്നിവയുമായി നേരിട്ട് സമ്പർക്കത്തിലാകുന്നതിനാൽ അടിവസ്‌ത്രം ദിവസേന മാറ്റുന്നത് നമ്മൾ കൃത്യമായി പാലിക്കാറുമുണ്ട്.

എന്നാൽ അതിനേക്കാൾ സൂക്ഷ്‌മത ആവശ്യപ്പെടുന്ന തലയണക്കവറിന്റെ കാര്യത്തിൽ നമ്മുടെ ഗൗരവം എത്രമാത്രമാണ് എന്നത് നാം ചിന്തിക്കണം. മുഖവും തലയും രാത്രിയിൽ 6 മുതൽ 8 മണിക്കൂർ വരെ തുടർച്ചയായി അതുമായി സമ്പർക്കത്തിലായിരിക്കും.
വിയർപ്പ്, ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം, മൃതചർമ്മകോശങ്ങൾ, മുടിയിൽ ഉപയോഗിക്കുന്ന വിവിധ ഉൽപ്പന്നങ്ങളുടെ അവശിഷ്‌ടങ്ങൾ എന്നിവ തലയണ കവറിൽ അടിഞ്ഞുകൂടുന്നുണ്ട് . കൂടാതെ പൊടിച്ചെള്ളുകളും അവയിൽനിന്നുള്ള അലർജിയുണ്ടാക്കുന്ന സൂക്ഷ്‌മഘടകങ്ങളും അടിഞ്ഞുകൂടാൻ സാധ്യതയുള്ള ഇടങ്ങളാണ് തലയണയും മറ്റ് കിടക്കവിരികളും. അതിനാൽ അലർജി, ആസ്‌ത്‌മ, എക്‌സിമ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവർക്ക് തലയണയുടെയും തലയണ കവറിന്റെയും ശുചിത്വത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
ഈ യാഥാർഥ്യം അറിഞ്ഞിട്ടും തലയണ കവറിന്റെ ശുചിത്വത്തിന് നമ്മൾ നൽകുന്ന പ്രാധാന്യം എത്രത്തോളമാണ്? സാധ്യമെങ്കിൽ തലയിണയിൽ രണ്ടു കവറുകൾ ഉപയോഗിക്കുക. രണ്ടു കവറും കൂടിയാൽ മൂന്നു ദിവസം കഴിയുമ്പോൾ നന്നായി കഴുകി ഉണക്കുക. ഈ രീതി മാസങ്ങൾ തുടർന്നാൽ മിക്കവരുടെയും മുഖക്കുരുവിലും അലർജിയിലും സാരമായ മാറ്റങ്ങൾ ഉണ്ടായേക്കും. ഓർക്കുക, ബെഡ്‌ഷീറ്റിനേക്കാൾ മുഖവുമായി ഏറ്റവും അടുത്തും ദീർഘമായും സമ്പർക്കത്തിലിരിക്കുന്നത് തലയിണക്കവറാണ്.

അമിതമായി വിയർക്കുന്നവർ, ചർമ്മത്തിൽ എണ്ണമയം കൂടുതലുള്ളവർ, അലർജി പ്രശ്‌നങ്ങളുള്ളവർ തുടങ്ങിയവർ ഒരേ തലയണ കവർ മൂന്നുദിവസത്തിൽ കൂടുതൽ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യകരമായ ശീലം.
പൊതുവായ ശാസ്‌ത്രീയ നിർദ്ദേശങ്ങളിൽ, കിടക്കവിരികൾ, തലയണ കവറുകൾ, പുതപ്പുകൾ തുടങ്ങിയവ ആഴ്‌ചയിൽ ഒരിക്കൽ കഴുകണമെന്ന നിർദേശം ആവർത്തിച്ച് കാണാം. അമേരിക്കയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസസ് കിടക്കവിരികളും പുതപ്പുകളും ആഴ്‌ചയിൽ ഒരിക്കലെങ്കിലും ചൂടുവെള്ളത്തിൽ കഴുകാൻ നിർദ്ദേശിക്കുന്നു.
പൊടിച്ചെള്ളുകളെയും അവയിൽനിന്നുള്ള അലർജി ഘടകങ്ങളെയും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ശാസ്‌ത്രീയ അവലോകനങ്ങളിലും കിടക്കവിരികൾ പതിവായി, ഏറ്റവും കുറഞ്ഞത് ആഴ്‌ചയിൽ ഒരിക്കൽ, കഴുകുന്നത് അവയുമായുള്ള സമ്പർക്കം കുറയ്‌ക്കുന്നതിനുള്ള പ്രധാന നടപടികളിലൊന്നായി ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊതുവായ പ്രായോഗിക നിർദ്ദേശങ്ങൾ:
- തലയണ കവർ: മൂന്ന് ഏറ്റവും കൂടിയാൽ ഏഴ് ദിവസത്തിനുള്ളിൽ മാറ്റുന്നത് നല്ല ശുചിത്വശീലമാണ്. അമിതമായി വിയർക്കുന്നവരും ചർമ്മത്തിൽ എണ്ണമയം കൂടുതലുള്ളവരും അലർജി പ്രശ്‌നങ്ങളുള്ളവരും ദിവസവും മാറ്റുന്നത് പരിഗണിക്കാം.
- കിടക്കവിരി: ഏറ്റവും കൂടിയാൽ ആഴ്‌ചയിൽ ഒരിക്കൽ മാറ്റി കഴുകുന്നത് പൊതുവേ പിന്തുടരാവുന്ന നല്ല ശുചിത്വശീലമാണ്. കഴുകാനുള്ള ഇടവേള കുറക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
- പുതപ്പ്: ശരീരവുമായി നേരിട്ട് സമ്പർക്കത്തിലാകുന്ന പുതപ്പുകൾ കൂടുതൽ ഇടയ്‌ക്കിടെ കഴുകുന്നതാണ് ഉചിതം. പ്രത്യേകിച്ചും മുഖമൂടി ഉറങ്ങുന്നവർ. കട്ടിയുള്ള പുതപ്പുകളാണെങ്കിൽ അവയുടെ ഉപയോഗരീതിയും നിർമ്മാതാവ് നൽകിയിട്ടുള്ള കഴുകൽ, പരിപാലന നിർദ്ദേശങ്ങളും അനുസരിച്ച് ഇടവേള തീരുമാനിക്കാം.
ചൂടുവെള്ളത്തിൽ കഴുകാം
പൊടിച്ചെള്ളുകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ കിടക്കവിരികൾ ഉയർന്ന താപനിലയിലുള്ള വെള്ളത്തിൽ കഴുകുന്നതിന്റെ ഫലവും പരിശോധിക്കപ്പെട്ടിട്ടുണ്ട്.

55 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ചൂടുള്ള വെള്ളത്തിൽ കഴുകുന്നത് പൊടിച്ചെള്ളുകളെ നശിപ്പിക്കുന്നതിന് ഫലപ്രദമാണെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസസ് കിടക്കവിരികളും പുതപ്പുകളും ആഴ്‌ചയിൽ ഒരിക്കൽ 130 മുതൽ 140 ഡിഗ്രി ഫാരൻഹീറ്റ് വരെ, അതായത് ഏകദേശം 54 മുതൽ 60 ഡിഗ്രി സെൽഷ്യസ് വരെ ചൂടുള്ള വെള്ളത്തിൽ കഴുകാൻ നിർദ്ദേശിക്കുന്നു.
എന്നാൽ, പൊടിച്ചെള്ളുകളിൽനിന്നുള്ള അലർജി ഘടകങ്ങൾ കുറയ്‌ക്കാൻ എല്ലാ സാഹചര്യത്തിലും ചൂടുവെള്ളം മാത്രമേ ഫലപ്രദമാകൂ എന്ന് കരുതേണ്ടതില്ല. പതിവായി കഴുകുന്നതുതന്നെ ഇത്തരം അലർജി ഘടകങ്ങളുടെ അളവ് കുറയ്‌ക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
എല്ലാ തുണിത്തരങ്ങളും ഉയർന്ന താപനിലയിലുള്ള വെള്ളത്തിൽ കഴുകാൻ അനുയോജ്യമാകണമെന്നില്ല. അതിനാൽ കിടക്കവിരി, തലയണ കവർ, പുതപ്പ് തുടങ്ങിയവ കഴുകുന്നതിന് മുമ്പ് അവയുടെ നിർമ്മാതാവ് നൽകിയിട്ടുള്ള കഴുകൽ, പരിപാലന നിർദ്ദേശങ്ങൾ പരിശോധിക്കാൻ മറക്കരുത്.
നമ്മൾ ജീവിതത്തിന്റെ മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ഇടത്തിന്റെ ശുചിത്വം സംരക്ഷിക്കുന്ന അടിസ്‌ഥാന ആരോഗ്യശീലമാണ്. ഇത് ആരോഗ്യത്തിന് ഗുണകരമാണ്. ചില രോഗ്യപ്രശ്‌നങ്ങൾക്ക് പരിഹാരമാകാനും ഇത്തരം ശീലങ്ങൾ ഗുണം ചെയ്‌തേക്കും. എന്നാൽ മുകളിൽ പറഞ്ഞതൊന്നും ഏതെങ്കിലും രോഗത്തിനുള്ള ചികിൽസയോ വൈദ്യസഹായത്തിന് പകരമോ ആകില്ല എന്നതും ഓർക്കുക.
Vanitha varthakal| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി





































