സദാസമയവും ഇളകിമറിയുന്ന കിണർ! ചിലർ ഇതിനെ അത്‌ഭുതം എന്ന് വിശേഷിച്ചപ്പോൾ മറ്റുചിലർ ആശങ്കയോടെ നോക്കിക്കാണുന്നു. വെള്ളത്തിന്റെ അസാധാരണമായ ചലനത്തിന് പിന്നിൽ ഒരു ശാസ്‌ത്രീയ വിശദീകരണമുണ്ടെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
ഗുജറാത്തിലെ മോർബിയ ജില്ലയിലെ വിർപർദ ഗ്രാമത്തിലെ ഒരു കിണറാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ താരം. വെള്ളം നിരന്തരമായി കുലുങ്ങുകയും പുറത്തേക്ക് ഇളകിമറിയുകയും ചെയ്യുന്ന അപൂർവ പ്രതിഭാസം പ്രദേശവാസികൾ ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഒരു നാട് മുഴുവൻ ആശങ്കയിലാണ്.
ഗ്രാമത്തിലെ കർഷകനായ പ്രഞ്‌ജിവൻ സദാരിയയുടെ കൃഷിയിടത്തിലെ 18 അടി ആഴമുള്ള കിണറ്റിലാണ് ഓഗസ്‌റ്റ് ഒന്നുമുതൽ അപൂർവ പ്രതിഭാസം കണ്ടുതുടങ്ങിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് കിണർ നിർമിച്ചത്. കിണറിലെ ജലനിരപ്പ് ഉയരുകയും വെള്ളം ഒരുവശത്തുനിന്ന് മറുവശത്തേക്ക് ചലിക്കുകയും ചിലനേരത്ത് പുറത്തേക്ക് ഒഴുകുന്നതുമായ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലാണ്.
ഞായറാഴ്‌ച മുതലാണ് കിണറിൽ ഓളങ്ങൾ പ്രത്യേക്ഷപ്പെടാൻ തുടങ്ങിയത്. തിങ്കളാഴ്‌ചയും വെള്ളത്തിന് ശക്‌തമായ ഇളക്കം ദൃശ്യമായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ചൊവ്വാഴ്‌ച ഈ ചലനം താൽക്കാലികമായി നിലച്ചെങ്കിലും ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും വീണ്ടും ആരംഭിച്ചു. സമീപത്ത് മൂന്ന് കിണറുകൾ വേറെയും ഉണ്ടെങ്കിലും അവയിലെ വെള്ളം ശാന്തമായിരിക്കുന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്.
ഈ അത്‌ഭുത കിണർ കാണാൻ സമീപ പ്രദേശങ്ങളിൽ നിന്നും നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്. സംഭവത്തിന്റെ വീഡിയോ ക്ളിപ്പുകളും വാർത്തകളും പ്രചരിച്ചതോടെ, കിണറിന്റെ വിചിത്രമായ ചലനം ഭൂകമ്പത്തിന്റെ സൂചനയാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, ഈ സാധ്യത ജില്ലാ അധികാരികൾ തള്ളിക്കളഞ്ഞു.
ഈ പ്രതിഭാസം പ്രകൃതിദത്തമായ ഒരു ഭൂമിശാസ്‌ത്ര പ്രക്രിയ മൂലമാണെന്ന് കരുതുന്നതായി അധികാരികൾ പറയുന്നു. കനത്ത മഴയെ തുടർന്ന് ഭൂഗർഭ ജലം ഉയരുകയും പാറകളുടെ സുഷിരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വായു പുറത്തേക്ക് വരികയും ചെയ്യുന്നതായി തോന്നുന്നു. ഇത് കിണറ്റിനുള്ളിൽ അസാധാരണമായ ചലനത്തിന് കാരണമാകുന്നുവെന്ന് ജില്ലാ ജിയോളജിസ്‌റ്റ് ജെഎസ്. വധേർ പറഞ്ഞു. വിദഗ്‌ധർ കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.
Most Read| നിപ്പ അതിജീവനം; ഫറോക്ക് സ്വദേശി പൂർണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങി




































