ന്യൂഡെൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ലോകബാങ്കിന്റെ കീഴിലുള്ള കോർട്ട് ഓഫ് ആർബിട്രേഷന്റെ (സിഒഎ) വിധി തള്ളി ഇന്ത്യ. കരാർ ഇന്ത്യ റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും കരാറിലെ വ്യവസ്ഥകൾ ഇന്ത്യ പാലിക്കണം എന്നുമായിരുന്നു സിഒഎ വിധി.
എന്നാൽ, നിയമവിരുദ്ധമായി രൂപീകരിക്കപ്പെട്ടതാണ് സിഒഎ എന്നും രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടാൻ അവർക്ക് അധികാരമില്ലെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സിഒഎയുടെ വിധി ഇന്ത്യയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നുവെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
”നിയമവിരുദ്ധമായി ലോകബാങ്ക് രൂപീകരിച്ചതാണ് ഈ കോർട്ട്. അത് പുറപ്പെടുവിച്ച വിധിയെ ഇന്ത്യ തള്ളിക്കളയുന്നു. ഇന്നത്തെയും ഇനി ഭാവിയിൽ ഉണ്ടാകുന്ന വിധികളും ഇന്ത്യയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ല. സിന്ധു നദീജലക്കരാർ താൽക്കാലികമായി റദ്ദാക്കിയ നടപടിയിൽ മാറ്റമില്ല”- വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഈ കോടതിയെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ഇന്ത്യ കൂട്ടിച്ചേർത്തു. ഈ കോടതിക്ക് മുന്നിൽ ഒരിക്കലും ഇന്ത്യ ഹാജരാവുകയോ നേരത്തെ പുറപ്പെടുവിച്ച വിധികൾ അംഗീകരിക്കുകയോ ചെയ്യില്ലെന്നും പത്രക്കുറിപ്പിൽ പറഞ്ഞു. 2025ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്.
Most Read| ഇറാൻ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തി മോദി; ഹോർമുസ് ഉപരോധം ചർച്ചയായി






































