മസ്‌കത്ത്: ഒമാനിൽ കെട്ടിടങ്ങളിലും റിയൽ എസ്‌റ്റേറ്റ് സമുച്ചയങ്ങളിലും ടെലികമ്യൂണിക്കേഷൻ നെറ്റ്‌വർക്ക് സ്‌ഥാപിക്കുന്നതിന് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ). പാസീവ് ടെലികമ്യൂണിക്കേഷൻ ഇൻഫ്രാസ്‌ട്രക്‌ചർ സംബന്ധിച്ചുള്ള നിയമമാണ് പ്രഖ്യാപിച്ചത്.
കെട്ടിടങ്ങളിലെ ഉപഭോക്‌താക്കൾക്ക് സുൽത്താനേറ്റിന്റെ സാങ്കേതിക വികസന മാനദണ്ഡങ്ങൾക്ക് അനുസൃതമായി സംയോജിത ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ ഉറപ്പാക്കുകയാണ് പുതിയ ചട്ടത്തിന്റെ പ്രധാന ലക്ഷ്യം. വാണിജ്യ, വ്യവസായ, താമസ കെട്ടിടങ്ങളുടെ പുതിയ നിർമാണത്തിനും നവീകരണത്തിനും, കൂടാതെ റിയൽ എസ്‌റ്റേറ്റ് സമുച്ചയങ്ങളുടെ വികസനത്തിനും ചട്ടങ്ങൾ ബാധകമായിരിക്കും.
കെട്ടിട ഡെവലപ്പർമാരും ഉടമകളും ടിആർഎ നിശ്‌ചയിക്കുന്ന സാങ്കേതിക സവിശേഷതകളും മാനദണ്ഡങ്ങളും പാലിക്കണം. കേബിൾ ഡക്‌ടുകൾ, പാനലുകൾ, കെട്ടിടത്തിനുള്ളിലെ നെറ്റവർക്ക് റൂട്ടുകൾ എന്നിവ ഉൾപ്പടെയുള്ള സംവിധാനങ്ങൾ നിർദ്ദിഷ്‌ട മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ഒരുക്കേണ്ടത്. കെട്ടിട ഉടമയ്‌ക്ക് ലൈസൻസുള്ള ടെലികമ്യൂണിക്കേഷൻ സേവനദാതാവുമായി കരാറിൽ ഏർപ്പെടാനും കെട്ടിടത്തിനുള്ളിൽ ടെലികോം കണക്ഷനുകൾ സ്‌ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യാനും സാധിക്കും.
കെട്ടിടത്തിനുള്ളിലെ ടെലികമ്യൂണിക്കേഷൻ കണക്ഷനുകളുടെ നിർമാണം പൂർത്തിയായതായി സ്‌ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റ് അംഗീകൃത ലൈൻസൻസുള്ളതോ ആയ സ്‌ഥാപനത്തിൽ നിന്ന് സ്വന്തമാക്കണം. ഈ സർട്ടിഫിക്കറ്റ് കെട്ടിടത്തിന്റെ പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ആവശ്യമായ രേഖകളിൽ ഒന്നായിരിക്കും.
പുതിയ വ്യവസ്‌ഥകൾ പാലിക്കാത്തവർക്കുള്ള ഭരണപരമായ നടപടികളും പിഴകളും പ്രത്യേകം വ്യക്‌തമാക്കിയിട്ടുണ്ട്. പുതിയ നിയന്ത്രണത്തിലെ ഭൂരിഭാഗം വ്യവസ്‌ഥകളും പ്രസിദ്ധീകരിച്ച തീയതി മുതൽ ആറുമാസത്തിന് ശേഷം പ്രാബല്യത്തിൽ വരും.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































