അബുദാബി: അബുദാബിയിൽ പുതിയ വീടുകളുടെ വിതരണം 2028ൽ ഏറ്റവും ഉയർന്ന നിലയിലെത്തും. 2028ൽ മാത്രം ഏകദേശം 21,800 യൂണിറ്റുകൾ കൈമാറുമെന്നാണ് കണക്ക്. ഈവർഷം ആദ്യപകുതിയിൽ അബുദാബിയിൽ 4.09 ലക്ഷം റസിഡൻഷ്യൽ യൂണിറ്റുകളാണ് ഉണ്ടായിരുന്നത്.
അബുദാബിയിലെ വീടുകളുടെ വിലയും വാടകയും ഉയരുന്നതിനിടെയാണ് വരും വർഷങ്ങളിൽ കൂടുതൽ വീടുകൾ വിതരണം ചെയ്യുന്നത്. 2030നകം എമിറേറ്റിൽ 71,000 പുതിയ റസിഡൻഷ്യൽ യൂണിറ്റുകൾ കൂടി നിർമിക്കുമെന്നാണ് അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററിന്റെ റിപ്പോർട്ടിൽ പറയുന്നത്.
2022 മുതൽ ശരാശരി 2.9% വാർഷിക വളർച്ചയാണ് വീടുകളുടെ എണ്ണത്തിൽ ഉണ്ടായത്. ഇതിന്റെ 79 ശതമാനവും അബുദാബി മേഖലയിലാണ്. പുതിയ വീടുകളുടെ വരവ് വിപണിയിൽ പുത്തനുണർവ് നൽകുമെന്നാണ് വിലയിരുത്തുന്നത്. 2030 വരെയുള്ള അധിക വിതരണത്തിന്റെ 77 ശതമാനവും സാദിയാത്ത്, റീം, സായിദ് സിറ്റി, ഖലീഫ സിറ്റി, ഹുദൈരിയാത്ത് എന്നീ ആറ് മേഖകളിലായിരിക്കും.
വികസന പദ്ധതികളാണ് പുതിയ വിതരണത്തിന്റെ പ്രധാന ഭാഗം. ഓഫീസ്, റീട്ടെയ്ൽ മേഖലകളിലും ആവശ്യം ശക്തമാണ്. ഓഫീസ് കെട്ടിടങ്ങളുടെ ഒക്യുപ്പൻസി 95 ശതമാനവും റീട്ടെയ്ൽ മേഖലയിലേത് 90 ശതമാനത്തിന് മുകളിലുമാണ്. പുതിയ ഓഫീസ് വാടക 13 ശതമാനവും റീട്ടെയ്ൽ വാടക 9 ശതമാനവും ഉയർന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































