ന്യൂഡെൽഹി: കമ്യൂണിറ്റി മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് അപ്‌ലോഡ് ചെയ്‌ത 34.4 ലക്ഷം വീഡിയോകൾ നീക്കം ചെയ്‌ത് യൂട്യൂബ്. 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോകളാണ് നീക്കം ചെയ്‌തത്. മുൻപാദത്തെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്ന് നീക്കം ചെയ്‌ത വീഡിയോകളുടെ എണ്ണത്തിൽ 28% വർധനവ് ഉണ്ടായിട്ടുണ്ട്.
ലോകത്താകെ നീക്കം ചെയ്‌ത വീഡിയോകളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യയിൽ നിന്നാണ്. ആഗോളതലത്തിൽ നീക്കം ചെയ്‌ത 1.1 കോടി വീഡിയോകളുടെ 31 ശതമാനത്തോളമാണ് ഇന്ത്യയിൽ നിന്ന്. 12.4 ലക്ഷം വീഡിയോകൾ നീക്കം ചെയ്‌ത അമേരിക്കയാണ് രണ്ടാം സ്‌ഥാനത്ത്. 9,20,000 വീഡിയോകൾ നീക്കം ചെയ്‌ത ഇന്തൊനീഷ്യ മൂന്നാം സ്‌ഥാനത്തുണ്ട്.
ആഗോളതലത്തിൽ നീക്കം ചെയ്‌ത വീഡിയോകളിൽ 68.2 ശതമാനവും കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ്. നീക്കം ചെയ്യപ്പെട്ട വീഡിയോകളിൽ 98.6 ശതമാനവും യൂട്യൂബിന്റെ അൽഗോരിത സംവിധാനങ്ങളാണ് ആദ്യം കണ്ടെത്തിയത്. അപ്‌ലോഡ് ചെയ്യുന്നവരുടെ ഐപി വിലാസം ഉപയോഗിച്ചാണ് വീഡിയോ ഏത് രാജ്യത്തുനിന്നാണ് അപ്‌ലോഡ് ചെയ്‌തതെന്ന് യൂട്യൂബ് തിരിച്ചറിയുന്നത്.
ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഏജൻസികളിൽ നിന്നും ഗൂഗിളിന് ലഭിക്കുന്ന അപേക്ഷകളിലും വർധനവ് ഉണ്ടായിട്ടുണ്ട്. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആറുമാസത്തിനിടെ ഇന്ത്യയിൽ നിന്ന് 4006 അപേക്ഷകളാണ് ഗൂഗിളിന് ലഭിച്ചത്. മുൻ ആറുമാസത്തെ അപേക്ഷിച്ച് 61% വർധനയാണിത്. ഇതിൽ 3399 ഉള്ളടക്കങ്ങൾ നീക്കം ചെയ്‌തിരുന്നു.
Most Read| കായികരംഗത്ത് വിസ്‌മയം തീർത്ത് വയോധിക ദമ്പതികൾ





































