കൂട്ട പിരിച്ചുവിടലിനൊരുങ്ങി ഊബർ. ആഗോളതലത്തിൽ 3,000 ജീവനക്കാരെ പിരിച്ചുവിടാനാണ് നീക്കം. കമ്പനിയുടെ ആകെ ജീവനക്കാരുടെ പത്തുശതമാനം വരുമിത്. കമ്പനിയുടെ ഘടന ലളിതമാക്കാനും പ്രവർത്തനച്ചെലവ് കുറയ്‌ക്കാനും മാനേജ്മെന്റ് തലങ്ങൾ വെട്ടിച്ചുരുക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡാരാ ഖോസ്രോഷാഹി ജീവനക്കാർക്ക് അയച്ച ഇ-മെയിലിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. മാനേജ്മെന്റ് തലത്തിൽ ആളുകളുടെ എണ്ണം വർധിക്കുന്നത് വലിയ സങ്കീർണതകൾക്കും തീരുമാനങ്ങൾ വൈകുന്നതിനും കാരണമായെന്ന് സിഇഒ ജീവനക്കാരോട് പറഞ്ഞു. കമ്പനിയുടെ പ്രവർത്തനങ്ങൾ ലളിതവും വേഗമേറിയതുമാക്കുകയാണ് ഈ പുനഃസംഘടനയുടെ പ്രധാന ലക്ഷ്യമെന്നും ഖോസ്രോഷാഹി പറഞ്ഞു.
കമ്പനിയിലെ മൊത്തം മാനേജർമാരുടെ എണ്ണം 20 ശതമാനം കുറയ്‌ക്കും. ഇതിൽ ചില മാനേജർമാരെ മറ്റു തസ്‌തികകളിലേക്ക് മാറ്റും. അതേസമയം, മാനേജർമാരല്ലാത്ത ജീവനക്കാരെയും ഈ പിരിച്ചുവിടൽ വലിയ രീതിയിൽ ബാധിക്കും. ഈ വർഷം ആദ്യം കമ്പനിയുടെ കസ്‌റ്റമർ സർവീസ്, എച്ച്ആർ വിഭാഗങ്ങളിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
പുതിയ പിരിച്ചുവിടൽ പൂർത്തിയാകുന്നതോടെ ഊബറിലെ ആകെ ജീവനക്കാരുടെ എണ്ണം 30,000ൽ താഴെയാകും. ഒന്നോ രണ്ടോ അംഗങ്ങൾ മാത്രമുള്ള മൈക്രോ ടീമുകളുടെ എണ്ണം പകുതിയോളമായി കുറയ്‌ക്കും. കൂടാതെ, റസ്‌റ്റോറന്റ്, റീട്ടെയ്ൽ, ഡയറക്‌ട് ഡെലിവറി എന്നിവ ഉൾപ്പെടുന്ന മൂന്ന് ഡെലിവറി ഓപ്പറേഷൻസ് ടീമുകളെ ഒരൊറ്റ വിഭാഗമായി സംയോജിപ്പിക്കും.
കോർ സർവീസസ് എൻജിനിയറിങ്, സയൻസ് ടീമുകളെയും ഇത്തരത്തിൽ ഒന്നിപ്പിക്കും. സിഇഒയ്‌ക്ക് താഴെ ഏഴോ അതിലധികമോ റിപ്പോർട്ടിങ് ലെയറുകൾ ഉള്ള തസ്‌തികകളുടെ എണ്ണത്തിൽ 20 ശതമാനത്തിന്റെ കുറവുണ്ടാകും. പ്രവർത്തനങ്ങളിൽ മാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായി വർക്ക് ഫ്രം ഹോം ചെയ്യുന്ന ജീവനക്കാരോട് ഓഫീസുകളിലേക്ക് മടങ്ങാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read| കാപ്പാട് വിരുന്നെത്തി ഇളംപാറക്കുരുവി; ഇന്ത്യയിൽ എത്തുന്നത് അപൂർവം


































