ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. കഴിഞ്ഞ അഞ്ചുമാസത്തിനിടെ 1.95 ലക്ഷത്തോളം പോസ്‌റ്റുകളാണ് സർക്കാർ നിർദ്ദേശ പ്രകാരം സോഷ്യൽ മീഡിയകളിൽ നിന്ന് നീക്കിയത്. ഇവയിൽ കൂടുതൽ ഇൻസ്‌റ്റഗ്രാം പോസ്‌റ്റുകളാണ്.
മാർച്ച് മുതൽ ജൂലൈ വരെയുള്ള അഞ്ചുമാസത്തിനിടെ ശരാശരി 68 സെക്കൻഡിൽ ഒന്ന് എന്ന തോതിൽ 1.95 ലക്ഷത്തോളം കണ്ടന്റ് ബ്ളോക്കിങ് ഉത്തരവുകളാണ് സോഷ്യൽ മീഡിയ പ്ളാറ്റുഫോമുകൾക്ക് ലഭിച്ചത്. ഈ അഞ്ചുമാസ കാലയളവിൽ ഇൻസ്‌റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലെ ഓൺലൈൻ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി സർക്കാർ ഏജൻസികൾ വൻ വർധനവാണ് ഉണ്ടായിരുന്നതെന്ന് ‘ദി ഇന്ത്യൻ എക്‌സ്‌പ്രസ്’ പുറത്തുവിട്ട വിവരങ്ങൾ വ്യക്‌തമാക്കുന്നു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവും ഇതിൽ ഉൾപ്പെടുന്നു. ജൂൺ ആദ്യം ആരംഭിച്ച ഈ പ്രതിഷേധം, അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് ജൂലൈ 25നാണ് അവസാനിപ്പിച്ചത്.
2024 ഒക്‌ടോബർ മുതൽ 2025 ഒക്‌ടോബർ വരെയുള്ള ഒരുവർഷത്തിനിടെ ‘സഹയോഗ് പോർട്ടൽ വഴി 19 ഓൺലൈൻ പ്ളാറ്റ്‌ഫോമുകളിലേക്ക് ആകെ 2312 ബ്ളോക്കിങ് ഓർഡറുകൾ മാത്രമാണ് അയച്ചിരുന്നത്. അതായത് അന്ന് പ്രതിദിനം ശരാശരി ആറ് ഉത്തരവുകൾ മാത്രം. എന്നാൽ, കഴിഞ്ഞ അഞ്ചുമാസത്തെ കണക്കെടുക്കുമ്പോൾ ശരാശരി ഓരോ 68 സെക്കൻഡിലും ഓരോ ബ്ളോക്കിങ് ഓർഡർ വീതം അയക്കുന്നു.
മാസാടിസ്‌ഥാനത്തിലുള്ള കണക്കുകൾ ലഭ്യമല്ലെങ്കിലും പ്രത്യേകിച്ച് ഇൻസ്‌റ്റാഗ്രാമിൽ പ്രതിഷേധങ്ങൾ കൂടുതൽ ശക്‌തമായ സമയത്താണ് ബ്ളോക്കിങ് ഓർഡറുകളിൽ വലിയൊരു പങ്കും പുറപ്പെടുവിച്ചതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്‌ഥൻ വ്യക്‌തമാക്കി.
Most Read| മാസപ്പടിക്കേസ്; എട്ടിടങ്ങളിൽ റെയ്‌ഡ്, നിർണായക ഘട്ടത്തിലേക്ക് കടന്ന് ഇഡി

































