ദുബായ്: 15 വയസിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി യുഎഇ. മന്ത്രിസഭാ യോഗത്തിന്റേതാണ് നിർണായക തീരുമാനം. കുട്ടികൾക്ക് സാമൂഹിക മാദ്ധ്യമങ്ങൾ ലഭിക്കാതിരിക്കാൻ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോം ഉടമകൾ നടപടി സ്വീകരിക്കണമെന്ന് മന്ത്രിസഭ നിർദ്ദേശിച്ചു.
കുട്ടികൾക്ക് സോഷ്യൽ മീഡിയ ആവശ്യമില്ല. ഈ പ്രായത്തിലുള്ളവർക്ക് സാമൂഹിക മാദ്ധ്യമങ്ങൾ ലോഗിൻ ചെയ്യാൻ കഴിയരുത്. ഇതിനാവശ്യമായ നടപടികൾ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോം ഉടമകൾ സ്വീകരിക്കണം. 12 മാസത്തിനുള്ളിൽ ഇത്തരം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും ഉടമകളോട് മന്ത്രിസഭാ യോഗം നിർദ്ദേശിച്ചു.
കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് യുഎഇ. 2024ലെ പഠനപ്രകാരം യുഎഇയിലെ കുട്ടികൾ പ്രതിദിനം മൂന്ന് മണിക്കൂറെങ്കിലും സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതായും കണ്ടെത്തി.
ഇത് കൂടാതെ, അനാവശ്യ ആശങ്ക, ശ്രദ്ധക്കുറവ്, സംസാരിക്കുന്നതിലുള്ള കാലതാമസം, അമിതമായ ദേഷ്യം, സമ്മർദ്ദം തുടങ്ങി പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കുട്ടികളിൽ കണ്ടെത്തുകയും ചെയ്തു. ബ്രിട്ടൻ, മലേഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും കുട്ടികൾക്ക് സാമൂഹിക മാദ്ധ്യമ നിരോധനമുണ്ട്.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്മയമായി മഹർലൂ തടാകം

































