കോട്ടയം: സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. വൈകിട്ട് ആറ് മണി വരെ ആറ് മരണങ്ങൾ ഔദ്യോഗികമായി സ്‌ഥീരീകരിച്ചിട്ടുണ്ട്. ആറുപേരെ കാണാതായി. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ വിവിധ സേനാവിഭാഗങ്ങൾ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ തുടരുന്നു.
സംസ്‌ഥാനത്തൊട്ടാകെ 65 ദുരുതാശ്വാസ ക്യാമ്പുകൾ തുറന്നു. 1465 പേർ ക്യാമ്പുകളിലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്‌ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നു. വിവിധ അണക്കെട്ടുകളിലെ നീരൊഴുക്ക് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
മലയോര മേഖലകളിൽ ജാഗ്രത തുടരണം. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മേഖലയിൽ കഴിഞ്ഞ 35 മണിക്കൂറിനിടെ 340 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. വയനാട് മേപ്പാടിയിൽ 177 മില്ലി മീറ്റർ മഴ പെയ്‌തു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്‌ഥാനം സജ്‌ജമാണ്. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം.
കോഴിക്കോട് വിലങ്ങാട് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. എംജി സർവകലാശാല തിങ്കളാഴ്‌ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കോഴിക്കോട് ജില്ലയിൽ റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ എല്ലാ മദ്രസകളും സൺഡേ സ്‌കൂളുകളും മറ്റു മതപഠന ക്ളാസുകളും ട്യൂഷൻ സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂർണമായി അടച്ചിടണമെന്ന് ജില്ലാ കലക്‌ടർ നിർദ്ദേശിച്ചു.
മലപ്പുറത്തും വയനാട്ടിലും കണ്ണൂരിലും നാളെ അവധിയാണ്. മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. കനത്ത മഴയെ തടുർന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ എത്താനാവാതെ ഉദ്യോഗാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് പിഎസ്‌സി അറിയിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്കാണ് വീണ്ടും പരീക്ഷ എഴുതാൻ അവസരം.
ഓഗസ്‌റ്റ് 22ന് നടത്തുന്ന അവസാനഘട്ട പരീക്ഷയിൽ പങ്കെടുക്കാൻ അവസരം നൽകുമെന്നും ഇതിനായി പുറപ്പെടുവിക്കുന്ന മാർഗനിർദ്ദേശങ്ങൾ പ്രകാരം ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിക്കേണ്ടതാണെന്നും പിഎസ്‌സി അറിയിച്ചു. നാളെ നടത്താൻ നിശ്‌ചയിച്ചിരുന്ന സ്‌റ്റേറ്റ് എലിജിബിലിറ്റി പരീക്ഷയും (സെറ്റ്) മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മഴക്കെടുതിയുടെ പശ്‌ചാത്തലത്തിൽ റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും മുഖ്യമന്ത്രി വിഡി സതീശൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎൽഎമാരുമായും ജനപ്രതിനിധികളുമായും സംസാരിച്ചു.
Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്‌റ്റ് ഗോസ്‌റ്റ്’ കണ്ണൂരിലും




































