കൊച്ചി: അഭിനേതാവും പ്രമുഖ അഭിഭാഷകയുമായ ശാന്തി മായാദേവിയാണ് മഞ്‍ജു വാര്യർക്ക് വേണ്ടി കോടതിയെ സമീപിച്ചിരിക്കുന്നത്. അപകീർത്തികരമായ വാർത്തകൾ നൽകുന്ന എല്ലാ ഓണ്‍ലൈന്‍ ചാനലുകള്‍ക്കും മാദ്ധ്യമങ്ങള്‍ക്കുമെതിരെ കോടതിയില്‍ നിന്നും ഇൻജക്ഷൻ ഓര്‍ഡര്‍ എടുക്കുന്നത് ഉൾപ്പടെയുള്ള നിയമപ്രതിരോധ സംവിധാനങ്ങളെ ഉപയോഗപ്പെടുത്താനാണ് മഞ്‍ജു കോടതിയെ സമീപിച്ചിരിക്കുന്നത്.
മാദ്ധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയകൾ വഴിയും സനൽ കുമാർ ശശിധരൻ നിരന്തരം അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും അപവാദ പ്രചാരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം മുൻസിഫ് കോടതിയിൽ മഞ്‍ജു വാര്യർ അഭിഭാഷക മുഖേന മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത്.
തനിക്കെതിരെയുള്ള സാമൂഹിക മാദ്ധ്യമ പോസ്‌റ്റുകളടക്കം നീക്കം ചെയ്യണമെന്നും മഞ്‍ജു ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി സ്വീകരിച്ച കോടതി, സനൽ കുമാർ ശശിധരൻ മഞ്‍ജു വാര്യരെ ഇനി അപകീർത്തിപ്പെടുത്തുന്ന തരത്തിൽ യാതൊരു പ്രതികരണവും നടത്തരുതെന്ന് താൽക്കാലിക ഉത്തരവിറക്കിയതായി അഭിഭാഷക ശാന്തി മായാദേവി മാദ്ധ്യമങ്ങളോട് പറഞ്ഞു.
”ഓരോ ദിവസവും നിരവധി ആരോപണങ്ങളാണ് മഞ്‍ജുവിനെതിരെ സനൽകുമാർ ഉന്നയിക്കുന്നത്. സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന ഒരു വ്യക്‌തിയെ സാമൂഹിക മാദ്ധ്യമങ്ങൾ വഴിയും മറ്റും നിരന്തരം അധിക്ഷേപിക്കുകയാണ്. അത് ഏറ്റുപിടിച്ചുകൊണ്ട് സ്‌ഥിരമായി വാർത്തകൾ കൊടുക്കുന്ന ചാനലുകളുമുണ്ട്. സനൽ കുമാറിനെതിരെ മാത്രമല്ല, വ്യാജ വാർത്തകൾ നൽകുന്ന നിരവധി ഓൺലൈൻ ചാനലുകൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
നമുക്ക് ഈ സമൂഹത്തിൽ ജീവിക്കണ്ടേ? എല്ലാവർക്കും അറിയാവുന്ന വ്യക്‌തിയാണ് മഞ്‍ജു വാര്യർ. അല്ലെങ്കിൽ കൂടിയും മറ്റൊരാൾക്കും ഇങ്ങനെ വരാൻ പാടില്ല. എന്തും ചെയ്യാം എന്ന പ്രവണത ആർക്കും പാടില്ല. നിയമപരമായി ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഞങ്ങൾ ചെയ്‌തിട്ടുണ്ട്. ഓരോരുത്തരും ആരോപണങ്ങൾ ഉന്നയിക്കുന്നതിന് ആയിരം തവണ വാർത്താസമ്മേളനം നടത്തേണ്ട ആവശ്യം മഞ്‍ജുവിന് ഇല്ല”- ശാന്തി മായാദേവി പറഞ്ഞു.
മഞ്‍ജു ചില റാക്കറ്റുകളുടെ പിടിയിലാണെന്നും അവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ആറുദിവസമായി സനൽ കുമാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുകയാണ്. ഇതിലും തനിക്കെതിരായ ഗൂഢാലോചനയിലും അന്വേഷണം വേണം, ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിട്ട് അതിലെ സെക്‌സ് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കണം എന്നിവയാണ് സനൽ കുമാറിന്റെ ആവശ്യങ്ങൾ.
2022ൽ സനൽകുമാർ ശശിധരനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. 2019 ഓഗസ്‌റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നുവെന്ന മഞ്‌ജുവിന്റെ പരാതിയിലായിരുന്നു അറസ്‌റ്റ്. പിന്നീട് ആലുവ ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ കഴിഞ്ഞവർഷം സനൽ കുമാറിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ആ സമയത്ത് അമേരിക്കയിലായിരുന്നു ഇയാൾ. തുടർന്നും ഇയാൾ സ്‌ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ള നിരവധി പോസ്‌റ്റുകളും പ്രസ്‌താവനകളും പങ്കുവെച്ചിരുന്നു. പുതിയ ഹരജിയിൽ കോടതി ഇയാൾക്ക് സമൻസ് അയക്കും. നവംബർ അഞ്ചിന് ഹരജി പരിഗണിക്കുമെന്നാണ് വിവരം.
Health| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്‌സിജൻ നിലവാരമോ?




































