കൊൽക്കത്ത: മമത ബാനർജി വിഭാഗം തൃണമൂൽ കോൺഗ്രസിന്റെ റജിനഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥി റബിയുൾ ആലം ചൗധരി പിൻമാറ്റ പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകം നിലപാട് മാറ്റി മൽസരരംഗത്ത് തിരിച്ചെത്തി.
മമത ബാനർജിയുമായി സംസാരിച്ച ശേഷമാണ് സ്ഥാനാർഥിത്വം പിൻവലിക്കുന്നതായി അദ്ദേഹം ആദ്യം അറിയിച്ചിരുന്നത്. പാർട്ടി പേരും ചിഹ്നവും സംബന്ധിച്ച് നിലനിൽക്കുന്ന നിയമപോരാട്ടവും പ്രവർത്തകർ നേരിടുന്ന ഭീഷണികളുമാണ് പിൻമാറ്റത്തിന് കാരണമായി ആദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ ആരുടെയും ഭീഷണിയോ സമ്മർദ്ദമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നന്ദിഗ്രാം മണ്ഡലത്തിലെ മമത വിഭാഗത്തിന്റെ സ്ഥാനാർഥി സഞ്ജിത പ്രധാൻ ദേയ് നാമനിർദ്ദേശ പത്രിക പിൻവലിച്ചതിനെ തൊട്ടടുത്ത ദിവസമാണ് റജിനഗറിലും നാടകീയ നീക്കങ്ങൾ അരങ്ങേറിയത്. സഞ്ജിത പ്രധാൻ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ടതിന് ശേഷമായിരുന്നു മൽസരത്ത് നിന്ന് പിൻമാറിയത്. ഇതോടെ മണ്ഡലത്തിൽ മമത വിഭാഗം കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് പിന്തുണ പ്രഖ്യാപിച്ചു.
എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ മിലൻ പ്രധാൻ അറസ്റ്റിലായി. 2007ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭത്തിനിടയിലെ കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് പ്രധാൻ അറസ്റ്റിലായത്. 2007ൽ നന്ദിഗ്രാമിൽ നടന്ന ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭം മമത ബാനർജിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക പോരാട്ടങ്ങളിലൊന്നാണ്. പശ്ചിമ ബംഗാൾ 34 വർഷം ഭരിച്ച സിപിഎമ്മിനെ താഴെയിറക്കിയത് മമത ഈ പ്രക്ഷോഭത്തിലൂടെയാണ്.
പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് മമത ബാനർജി തിരിച്ചടികൾ ഓരോന്നായി നേരിട്ടത്. പാർട്ടിയുടെ എംഎൽഎമാരും എംപിമാരും കൂട്ടത്തോടെ കൊഴിഞ്ഞുപോയി. പിന്നാലെ പേരും ചിഹ്നവും നഷ്ടമായി. ഉപതിരഞ്ഞെടുപ്പിൽ നിർത്തിയ സ്ഥാനാർഥിയെയും നഷ്ടമായി. തുടർന്നാണ് മമത കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. ബംഗാളിൽ മമതയുടെ പാർട്ടി കോൺഗ്രസിന് പിന്തുണയ്ക്കുന്നത് അപൂർവ സംഭവമാണ്.
നന്ദിഗ്രാം, റജിനഗർ മണ്ഡലങ്ങളിൽ ഒക്ടോബർ ആറിനാണ് ഉപതിരഞ്ഞെടുപ്പ്. ഒമ്പതിന് വോട്ടെണ്ണും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നും ഒരേസമയം വിജയിച്ച ജനപ്രതിനിധികൾക്ക് ഒരു സീറ്റ് രാജിവെക്കേണ്ട സാഹചര്യം ഉണ്ടായതോടെയാണ് രണ്ടിടത്തും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്ഭുത പ്രതിഭാസം





































