20ആമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ അയ്ച്ചി- നഗോയയിൽ ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30നാണ് ഉൽഘാടനം. ജപ്പാൻ ചക്രവർത്തി നാരുഹിതോ ഉൽഘാടനം ചെയ്യും. ചക്രവർത്തി മസാകോ, രാജകുമാരൻ അകിഷിനോ, രാജകുമാരി കികോ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഒക്ടോബർ നാലുവരെയാണ് മൽസരങ്ങൾ.
നഗോയയിലെ പാലോമ മിസുവോ അത്ലറ്റിക് സ്റ്റേഡിയത്തിൽ ജപ്പാനിലെ പ്രമുഖ കായികതാരങ്ങളും പരിപാടിയിൽ പങ്കെടുക്കും. ജപ്പാന്റെ ചരിത്രവും കലാ-സാംസ്കാരിക പാരമ്പര്യവുമൊക്കെ വിളിച്ചോതുന്ന ഉൽഘാടന മാമാങ്കമായിരിക്കും നടക്കുക. ‘ചേർച്ചയുള്ള ഹൃദയതാളം’ എന്നതാണ് ഉൽഘാടനത്തിന്റെ ആശയം. ‘ഒരൊറ്റ ഏഷ്യ’ എന്ന സങ്കൽപ്പമാണ് ഏഷ്യൻ ഗെയിംസിന്റെ ആശയം.
45 രാജ്യങ്ങളിൽ നിന്നുള്ള മൽസരാർഥികൾ 43 ഇനങ്ങളിൽ 469 വിഭാഗങ്ങളിൽ മൽസരത്തിനിറങ്ങും. ‘തീജ്വാല’ എന്നർഥം വരുന്ന ‘ഹോനോഹോനോ’യാണ് ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം. പാഡെൽ, തേക്ബോൾ തുടങ്ങിയ ഇനങ്ങൾ ഇത്തവണ ഗെയിംസിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് മൂന്നാം തവണയാണ് ജപ്പാൻ ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത്. 1958ൽ ടോക്യോയും 1994ൽ ഹിരോഷിമയും വേദിയായിരുന്നു. അത്ലറ്റിക്സ് മൽസരങ്ങൾ 23നാണ് തുടങ്ങുക. 200 സ്വർണം ഉൾപ്പടെ 382 മെഡലുകൾ നേടി ചൈനയാണ് കഴിഞ്ഞതവണ ചാംപ്യൻമാരായത്. 28 സ്വർണം ഉൾപ്പടെ 106 മെഡലുകൾ നേടി ഇന്ത്യ നാലാമതായി.
ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഉൾപ്പടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിലുണ്ട്. അത്ലറ്റിക്സ് ടീമിലാണ് ഏറ്റവും കൂടുതൽ മലയാളികൾ ഉള്ളത്, 11 പേർ. 1951ൽ ന്യൂഡെൽഹിയിൽ ഏഷ്യൻ ഗെയിംസിന് തുടക്കംകുറിച്ചപ്പോൾ 11 രാജ്യങ്ങൾ മാത്രമാണ് പങ്കെടുത്തത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































