തിരുവനന്തപുരം: നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ. മുരളീധരൻ. ഇക്കാര്യത്തിൽ അനാവശ്യ വിവാദം വേണ്ടെന്നും എല്ലാവരും കൂടി ആലോചിച്ചാണ് തീരുമാനം എടുത്തതെന്നും പരാതികൾക്ക് ഇടയില്ലാതെ അത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വലിയതോതിലുള്ള ശബ്ദവും മലിനീകരണവുമാണ് മൃഗങ്ങൾക്ക് നഗരത്തിൽ നേരിടേണ്ടി വരുന്നത്. മൃഗശാല മാറ്റാൻ നെയ്യാർ ഡാമിന്റെ പരിസരം തന്നെയാണ് ഉചിതം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തൃശൂരിൽ നിന്ന് മൃഗശാല പുത്തൂരിലേക്ക് മാറ്റിയപ്പോൾ കച്ചവടമാണെന്ന് പറഞ്ഞില്ലല്ലോ? എല്ലാത്തിനെയും എതിർക്കുന്ന സമീപനമാണ് സിപിഎമ്മിന്റേത്. ഒരു കൂട്ടർ ചെയ്യുമ്പോൾ തെറ്റ്, ഒരുകൂട്ടർ ചെയ്യുമ്പോൾ ശരിയെന്ന നിലപാട് ഉചിതമല്ലെന്നും മന്ത്രി പറഞ്ഞു.
മൃഗശാല മാറ്റിയാലും തലസ്ഥാനത്തിന്റെ പ്രാധാന്യത്തിന് ഒരു കുറവും വരില്ല. നിലവിലുള്ള മൃഗശാലയുടെ സ്ഥലം ഏത് തരത്തിൽ വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല നെയ്യാറിലേക്കോ മറ്റോ മാറ്റി സ്ഥാപിക്കണമെന്ന നിർദ്ദേശമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം മുന്നോട്ടുവെച്ചത്. ശേഷം നിലവിലെ സ്ഥലം മാഡിസൺ സ്ക്വയർ പോലെയോ പ്രാഗിലെ സ്ക്വയർ പോലെയോ അതിമനോഹരമായ സ്ക്വയറാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മൃഗശാല നിലവിലെ നഗരമധ്യത്തിൽ പ്രവർത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ മൃഗത്തിനും അതിന്റേതായ സ്വാഭാവിക വാസസ്ഥലമുണ്ടെന്നും അതിനാൽ നെയ്യാർ പോലെയോ അല്ലെങ്കിൽ അല്ലെങ്കിൽ അതുപോലെയുള്ള മറ്റു വനമേഖലകളിലേക്കോ മൃഗശാല മാറ്റുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇതിനെതിരെ സിപിഎം നേതാവും മുൻ എംഎൽഎയുമായ വികെ. പ്രശാന്ത് രംഗത്തെത്തിയിരുന്നു. വാണിജ്യ ലക്ഷ്യത്തോടെയുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് വികെ പ്രശാന്തിന്റെ വാദം. മൃഗശാലയും മ്യൂസിയവും ഒക്കെ പറിച്ചുനടാനുള്ള ശ്രമം മുൻപും നടന്നിട്ടുണ്ട്. ഇപ്പോൾ ശ്രമം നടക്കുന്നത് വാണിജ്യ ലക്ഷ്യത്തോടെയാണ്. ഇതിന് പിന്നിൽ മുതലാളിമാർക്ക് മറിച്ച് കൊടുക്കാനുള്ള ശ്രമമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Most Read| ഇനി ജനന-മരണ രജിസ്ട്രേഷൻ കർശനം; ഒക്ടോബർ ഒന്നുമുതൽ പുതിയ നിയമം




































